NEWS

ഓപ്പറേഷൻ തൂഫാനിൽ ഉണർന്ന് ശാന്തൻപാറ(ഡെക്ക്) ‘ഈശ്വരന്റെ ലഹരിക്കട’ പൊലീസ് പൊളിച്ചടുക്കി

അടിമാലി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ശാന്തൻപാറയിൽ ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വഴിയോരക്കട ജെ.സി.ബി ഉപയോഗിച്ച് ശാന്തൻപാറ പൊലീസ്‌ ഇടിച്ചുനിരത്തി. പൂപ്പാറ സ്വദേശി മുടുക്കുടിവീട്ടിൽ ഈശ്വരൻ (47) നടത്തിയിരുന്ന കടയാണ് തകർത്തത്. പൂപ്പാറ ടൗണിലെ ഈ വഴിയോരക്കട കേന്ദ്രീകരിച്ച് വ്യാപകമായ ലഹരിക്കച്ചവടം നടന്നിരുന്നു. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. ശരലാലിന്റെ നേതൃത്വത്തിലായിരുന്നു നടപടി. നേരത്തെ ഇവിടെനിന്ന് ലഹരിവസ്തുക്കൾ പിടികൂടിയിരുന്നെങ്കിലും നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു.

കട ഒഴിയാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും ഹൈക്കോടതിയിൽ നിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ച് കച്ചവടം തുടർന്നു. അതിനിടെ, പ്രതിയുടെ മുൻകാല ലഹരിക്കടത്ത് കേസുകളെക്കുറിച്ച് കൃത്യമായ തെളിവുകൾ സഹിതം പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഇരുപതോളം ലഹരിക്കേസുകളിൽ ഈശ്വരൻ പ്രതിയായിരുന്നു. പാതയോരത്തുള്ളത് അനധികൃത കച്ചവടമാണെന്ന് പഞ്ചായത്ത് സെക്രട്ടറിയും കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതി സ്ഥിരമായി ലഹരി വില്പന നടത്തുന്നയാളാണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താൻ പൊലീസിന് സാധിച്ചതോടെ സ്റ്റേ ഉത്തരവ് റദ്ദാക്കി കട പൊളിച്ചുനീക്കാൻ കോടതി അനുമതി നൽകി. രണ്ടുമാസം മുമ്പ് വിധി വന്നതാണെങ്കിലും രാഷ്ട്രീയ ഇടപെടൽമൂലം നടപടി നീളുകയായിരുന്നു.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതോടെയാണ് ശാന്തൻപാറ പൊലീസും ആത്മവീര്യം വീണ്ടെടുത്തത്.


Source link
NEWS

Back to top button