NEWS
ആയുഷിന്റെയും അനഘയുടെയും ഫ്ലാറ്റിൽ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; എത്തിച്ചത് വിദേശത്ത് നിന്ന്, നിയന്ത്രിക്കുന്നത് വമ്പന്മാർ

കൊച്ചി∙ പെരുമ്പാവൂരിൽ ഇന്നലെ പിടികൂടിയ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് വിദേശത്തു നിന്ന്. പിടിയിലായ ദമ്പതികൾ ആയുഷും അനഘയും മൊത്തക്കച്ചവടക്കാർ. ഇവർക്ക് പിന്നിൽ വമ്പന്മാരുണ്ടെന്നുമുള്ള നിഗമനത്തിൽ അന്വേഷണം കടുപ്പിച്ച് പൊലീസിന്റെ ലഹരി വിരുദ്ധ സംഘമായ ഡാൻസാഫ്. രണ്ടാഴ്ച മുമ്പ് ലഹരി ഇടപാടിനു മാത്രമായി ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതടക്കം ഇവരുടെ പ്രവർത്തനരീതിയും ഏറെ പ്രത്യേകതകളുള്ളതാണെന്ന് പൊലീസ് പറയുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലായിരുന്നു അടുത്തിടെയുണ്ടായ ഏറ്റവും വലിയ ലഹരിവേട്ട. വൈപ്പിൻ അറുകാട് സ്വദേശിയായ മുഖ്യപ്രതി ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ഡാൻസാഫ് തടഞ്ഞുനിർത്തി പരിശോധിച്ചതോടെയാണ് ലഹരിവേട്ടയ്ക്ക് തുടക്കമായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്.സുദർശൻ, പെരുമ്പാവൂർ അസി. സൂപ്രണ്ട് ഓഫ് പൊലീസ് ഹാർദിക് മീന എന്നിവരുടെ നേതൃത്വത്തിൽ രണ്ടാഴ്ചയായി അതീവ രഹസ്യമായി ആയുഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 1.25 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. ആയുഷിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ താമസിച്ചിരുന്ന പെരുമ്പാവൂർ തെക്കുംഭാഗം കുന്നുവഴിയിലെ വാടക ഫ്ലാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഈ ഫ്ലാറ്റിൽ നടത്തിയ പരിശോധനയില് 16.50 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെടുത്തു. വിപണിയിൽ ഏകദേശം 18 കോടി രൂപ ഇതിനു വിലമതിക്കും. തുടർന്ന് ആയുഷിന്റെ ഭാര്യ അനഘയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Source link


