NEWS
‘അർജുന്റെ മൃതദേഹം കണ്ടെത്തിയത് പിറ്റേദിവസം വാഷ്റൂമിൽ നിന്ന്, ആ സ്ഫോടനശബ്ദം ഇപ്പോഴും കാതുകളിൽ’; നടുക്കം വിട്ടുമാറാതെ ഉറ്റവർ

ദുബായ്/ ദോഹ • ആ സ്ഫോടനശബ്ദം ഇപ്പോഴും ഞങ്ങളുടെ കാതുകളിൽ മുഴങ്ങുന്നു. ആകെ പരിഭ്രാന്തരായ നിമിഷങ്ങൾ. ആ ദുരന്ത വാർത്ത കേട്ടപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും ഞങ്ങളിൽ നിന്ന് ഒഴിഞ്ഞിട്ടില്ല-ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ സഹപ്രവർത്തകരുടേതാണ് ഈ വാക്കുകൾ. കോഴിക്കോട് തൂണേരി വെള്ളൂരിലെ കളരിയുള്ളതിൽ അർജുൻ (30) എന്ന മലയാളി യുവാവ് ഉൾപ്പെെട 12 ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സ്ഫോടനത്തിൽ മരിച്ചത്.ദുരന്ത ദിവസം ഞങ്ങളുടെ കമ്പനിയിലെ മുപ്പതോളം ജീവനക്കാർ സംഭവ സ്ഥലത്ത് ജോലി ചെയ്തിരുന്നുവെന്നും ഇവർക്കെല്ലാം നിസ്സാരവും സാരമുള്ളതുമായ പരുക്കേറ്റിട്ടുണ്ടെന്നും അർജുന്റെ നാട്ടുകാരനും ഡോക്യുമെന്റ് കൺട്രോളറുമായ കെ.എ.ഷബീർ അലി മനോരമ ഒാൺലൈനിനോട് പറഞ്ഞു. ആകെ അഞ്ച് മലയാളികളാണ് സംഭവ സമയം സ്ഥലത്തുണ്ടായിരുന്നത്. മരിച്ചവരിൽ അർജുനടക്കം ഞങ്ങളുടെ കമ്പനിയിലെ മൂന്നു പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. പരുക്കേറ്റവരിൽ കാസർകോട് സ്വദേശി കബീർ, വയനാട് സ്വദേശിയും കമ്പനിയിൽ ഡ്രൈവറുമായ രാജേഷ്, ക്രെയിൻ ഒാപറേറ്ററായ സുജിത് എന്നിവരുമുണ്ട്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം താമസ സ്ഥലത്ത് തിരിച്ചെത്തിയിട്ടുണ്ട്.മലയാളികളടക്കം നൂറുകണക്കിന് പേർ ഇവിടെ ജോലി ചെയ്യുന്നു. ഒന്നര വർഷം മുൻപാണ് അർജുൻ ഇവിടെ ജോലിക്കെത്തിയത്. ഞാൻ അതിന് ശേഷം ഏതാണ്ട് ഒരു വർഷം മുൻപാണ് എത്തിയത്. കോഴിക്കോട് കുറ്റ്യാടിയിലാണ് എന്റെ വീട്. അർജുന്റെ നാട്ടുകാരനായി ഞാൻ മാത്രമാണ് ഈ കമ്പനിയിലുള്ളത്. പരിചയപ്പെട്ടിട്ട് ദീർഘ കാലമായിട്ടില്ലെങ്കിലും അർജുനുമായി വളരെ അടുപ്പമാണ് താൻ പുലർത്തിയിരുന്നതെന്നും ഷബീർ പറഞ്ഞു.
Source link


