LIFESTYLE

വാഹനം കഴുകുമ്പോഴോ പെട്രോൾ അടിക്കുമ്പോഴോ ഒരു തുള്ളി വെള്ളം ഇന്ധനടാങ്കിനകത്ത് പോയാൽ പണി ഉറപ്പാണ്: പരിഹാരമിങ്ങനെ

ഇന്ധനടാങ്കിൽ നമ്മൾ അറിയാതെ എത്തുന്ന ചെറിയൊരു തുള്ളി വെള്ളം മതി വാഹനത്തിന്റെ എഞ്ചിൻ പണിമുടക്കാൻ. മഴക്കാലത്ത് പെട്രോൾ അടിക്കുമ്പോൾ വാഹനത്തിന് അകത്ത് ഇരിക്കുന്ന നമ്മൾ പലപ്പോഴും പെട്രോൾ അടിക്കുന്ന രീതി ശ്രദ്ധിക്കുക കൂടിയില്ല. പെട്രോളിനൊപ്പം വെള്ളവും കലരാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. മാത്രമല്ല, വാഹനങ്ങൾ കഴുകുന്ന സമയത്തും വെള്ളം ഇന്ധനടാങ്കിലെത്താൻ സാദ്ധ്യതയുണ്ട്.

രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോളിൽ നേരിയ തോതിൽ പോലും വെള്ളം കലരാതിരിക്കാൻ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഇന്ധന ഡീലർമാർ പറയുന്നത്. ഈ മുന്നറിയിപ്പുകളുടെ പിന്നിലെ കാരണം ഇതാണ്. കേന്ദ്ര ഗവൺമെന്റിന്റെ നിർദേശപ്രകാരം നിലവിൽ പെട്രോളിൽ 15 മുതൽ 20 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ട്. എഥനോളിന്റെ പ്രധാന പ്രത്യേകത അത് പെട്ടെന്ന് വെള്ളത്തെ ആകർഷിക്കും എന്നതാണ്.

ഇന്ധനടാങ്കിലേക്ക് മഴവെള്ളമോ, വാഹനം കഴുകുമ്പോഴുള്ള വെള്ളമോ നേരിയ അളവിൽ എത്തിയാൽ പോലും വാഹനം പണിമുടക്കാൻ ഇടയായേക്കും. ഇങ്ങനെ എത്തുന്ന വെള്ളം പെട്രോളിലെ എഥനോളുമായി വേർതിരിഞ്ഞ് ടാങ്കിന്റെ അടിത്തട്ടിൽ ഒരു പ്രത്യേക പാളിയായി മാറി കെട്ടിക്കിടക്കും. സാധാരണയായി വാഹനങ്ങളുടെ ഫ്യുവൽ പമ്പ് ടാങ്കിന്റെ അടിത്തട്ടിൽ നിന്നാണ് ഇന്ധനം വലിച്ചെടുക്കുന്നത്. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന മിശ്രിതം നേരെ എൻജിനിലേക്ക് എത്തുകയും വാഹനം സ്റ്റാർട്ടാകാതിരിക്കാനോ ഓടിക്കൊണ്ടരിക്കുമ്പോൾ ഓഫാകാനോ കാരണമായേക്കാം.

സാധാരണ പെട്രോളിൽ വെള്ളം കലരുന്നതിനേക്കാൾ ഇരട്ടി അപകടമാണ് E20 പെട്രോളിൽ വെള്ളം കലരുമ്പോൾ ഉണ്ടാകുന്നത്. എഞ്ചിൻ തുരുമ്പെടുക്കാനും വലിയ തകരാറുകൾ സംഭവിക്കാനും ഇത് കാരണമാകും. ടാങ്കിൽ വെള്ളം കലർന്നതായി സംശയം തോന്നിയാൽ ‘ഫ്യുവൽ ഡ്രയർ അഡിറ്റീവുകൾ’ ഫലപ്രദമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ധനടാങ്ക് പൂർണമായും അഴിച്ച് വൃത്തിയാകുന്നതാണ് ഏറ്റവും ഉത്തമമായ മാർഗം. ഫ്യുവൽ ലൈനുകൾ ഫ്ലഷ് ചെയ്യുകയും, ഫ്യുവൽ ഫിൽട്ടറുകൾ മാറ്റുകയും ചെയ്യുന്നതാണ് സുരക്ഷയ്ക്ക് നല്ലത്.

മഴക്കാലത്ത് ഇന്ധനം അടിക്കുമ്പോൾ ടാങ്കിലേക്ക് വെള്ളം വീഴുന്നില്ലെന്ന് ഉറപ്പാക്കുക. വാഹനം പ്രഷർ വാഷ് ചെയ്യുമ്പോൾ ഫ്യുവൽ ലിഡിന്റെ ഭാഗത്തേക്ക് അമിതമായി വെള്ളം അടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ടാങ്ക് ക്യാപ് കൃത്യമായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ീ മുൻകരുതലുകളിലൂടെ പെട്രോളിൽ വെള്ളം കലരുന്നത് ഒഴിവാക്കാൻ സാധിക്കും.
RELATED TOPICS: AUTO, AUTONEWS, LIFESTYLE, PETROL TANK, E20 PETROL, PETROL WITH WATER MIXTURE, ENGINE PROBLEM


Source link

Back to top button