NEWS
മല തുരന്നെത്തും വികസനവണ്ടി; ചൂരൽമല–പോത്തുകല്ല് തുരങ്കപ്പാതയിൽ പ്രതീക്ഷയർപ്പിച്ച് വയനാട്

കൽപറ്റ ∙ചൂരൽമല–പോത്തുകല്ല് തുരങ്കപ്പാത യാഥാർഥ്യമായാൽ ടൂറിസം രംഗത്തും അടിസ്ഥാനസൗകര്യ വികസനരംഗത്തും വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയിൽ വയനാട്. ബജറ്റിൽ ടോക്കൺ പദ്ധതിയായി ഇടംനേടിയതോടെ ഭരണാനുമതി ലഭിക്കലും വിശദമായ എസ്റ്റിമേറ്റ് തയാറാക്കലും വേഗത്തിലാകാനുള്ള സാധ്യതയാണു തെളിയുന്നത്. കൽപറ്റ എംഎൽഎ കൂടിയായ മന്ത്രി ടി. സിദ്ദീഖ്, നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ സജീവമാക്കിക്കഴിഞ്ഞു. നിലമ്പൂരിലും മേപ്പാടിയിലും റോഡ് കർമസമിതി പ്രവർത്തകരും പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങളെങ്കിലും എത്രയും വേഗം ആരംഭിക്കണമെന്ന നിലപാടിലാണ്. കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാത കൂടി വരുമ്പോൾ വൻ വികസമുന്നേറ്റമാണു പ്രദേശത്തുണ്ടാകുക.വികസനത്തിലേക്ക് തുറക്കുന്ന വാതിൽ! ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉപേക്ഷിക്കപ്പെട്ടുപോയ ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങളുടെ പുനർജനിക്കു ചൂരൽമല–പോത്തുകല്ല് തുരങ്കപ്പാത പദ്ധതി വഴിതുറക്കും. ദുരന്തത്തിനുശേഷം ആളൊഴിഞ്ഞ ഈ മേഖലയിൽ കാട്ടാനകൾ ഉൾപെടെയുള്ള വന്യജീവികൾ സൈരവിഹാരം നടത്തുകയാണ്. ഇതോടെ, ഇതിനടുത്തുള്ള മറ്റു ജനവാസമേഖലകളിലും ജനജീവിതം ദുഷ്കരമായി. പുതിയ തുരങ്കപ്പാതയും റീബിൽഡ് ചൂരൽമല പദ്ധതിയും വേഗത്തിൽ നടപ്പിലായാൽ പ്രദേശത്തെ വികസനമുരടിപ്പിന് അറുതിയാകുമെന്നും വന്യജീവിശല്യം കുറയുമെന്നുമുള്ള പ്രതീക്ഷയിലാണു നാട്ടുകാർ. പാതയുടെ ഭാഗമായ ചൂരൽമല–മേപ്പാടി റോഡിന്റെ 12.8 കിലോമീറ്റർ നവീകരണപ്രവർത്തികളും നടന്നുവരുന്നു.പാത യാഥാർഥ്യമാക്കുന്നതിനു നേരത്തെ പലതവണ നടപടികളുണ്ടായെങ്കിലും ഫലവത്തായിരുന്നില്ല. മുണ്ടേരി–അരണപ്പുഴ വരെ നീളുന്ന 7 കിലോമീറ്റർ ദൂരത്തിൽ സർവേ നടത്താനുള്ള നീക്കം 2016ൽ വനംവകുപ്പ് തടഞ്ഞു. പിന്നീട് മലപ്പുറം ജില്ലയിലെ 5 റീച്ചുകളിൽ സ്ഥലപരിശോധനയും സംയുക്തസർവേയുമെല്ലാം നടത്തിയെങ്കിലും തുടർനടപടി വൈകി. 2019ൽ മുണ്ടേരി മുതൽ മേപ്പാടി വരെ 7 കിലോമീറ്റർ വനഭൂമിയിൽ സർവേ നടത്തി റിപ്പോർട്ടും സമർപ്പിച്ചു. 2021ൽ കിഫ്ബി, വനംവകുപ്പ് ഉദ്യോഗസ്ഥർ മുണ്ടേരിയിൽ സംയുക്ത പരിശോധന നടത്തിയിരുന്നു.
Source link


