NEWS

കൊച്ചിൻ ഷിപ്‌യാഡിൽ വിദേശകമ്പനിക്കുവേണ്ടി നിർമിക്കുന്ന കപ്പലിൽ ‘ഐ ലവ് പാക്കിസ്ഥാൻ’: പൊലീസ് കേസെടുത്തു


കൊച്ചി ∙ കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന കപ്പലിൽ ‘ഐ ലവ് പാക്കിസ്ഥാൻ’ എന്നു കോറിയിട്ട സംഭവത്തിൽ സൗത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കൊച്ചിൻ ഷിപ്‌യാഡിലെ ഔട്ട്ഫിറ്റ് ഡിപ്പാർട്മെന്റ് ഷിപ് ബിൽഡിങ് ഡിവിഷനിലെ അസിസ്റ്റന്റ് മാനേജറുടെ പരാതിയിലാണു കേസെടുത്തത്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അപകടപ്പെടുത്തും വിധം പ്രവർത്തിക്കുന്നതിന് എതിരെയുള്ള ഭാരതീയ ന്യായസംഹിതയിലെ 152–ാം വകുപ്പു പ്രകാരമാണു കേസ്. വാക്ക്, എഴുത്ത്, അടയാളങ്ങൾ ഉൾപ്പെടെയുള്ള ആശയവിനിമയ രീതികളിലൂടെ രാജ്യത്തിന് എതിരെ പ്രവർത്തിച്ചതായി തെളിഞ്ഞാൽ ജീവപര്യന്തമോ 7 വർഷം തടവോ ലഭിക്കാവുന്ന വകുപ്പാണിത്.യുകെയിലെ നോർത്ത് സ്റ്റാർ ഷിപ്പിങ്ങിനു വേണ്ടി കൊച്ചിൻ ഷിപ്‌യാഡ് നിർമിക്കുന്ന കപ്പലാണിത്. കപ്പലിനുള്ളിലെ ചുമരിൽ മൂർച്ചയുള്ള ഏതോ വസ്തു കൊണ്ടു തീരെ ചെറുതായി കോറിയിട്ട രീതിയിലാണ് എഴുത്ത്. ഇതു കണ്ടെത്തിയതിനെ തുടർന്നു കപ്പൽശാലയുടെ സുരക്ഷാച്ചുമതലയുള്ള സിഐഎസ്എഫ് വിഭാഗം പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതേത്തുടർന്നു പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ തന്നെ പ്രാഥമികാന്വേഷണം നടത്തി.


Source link

Back to top button