NEWS
ശബരിമല: തിരക്ക് നിയന്ത്രിക്കാൻ എഐ സംവിധാനം ഏർപ്പെടുത്തും; കരാർ ഓഗസ്റ്റ് 15നകം

പത്തനംതിട്ട ∙ ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കാൻ ഇത്തവണത്തെ മണ്ഡലകാലം മുതൽ നിർമിത ബുദ്ധിയും (എഐ) പ്രയോജനപ്പെടുത്തും. എഐ അധിഷ്ഠിത സംവിധാനം ഏർപ്പെടുത്താനുള്ള കരാർ ഓഗസ്റ്റ് 15നകം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.എഐ രംഗത്തു പ്രവർത്തിക്കുന്ന 3 കമ്പനികൾ ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ്, പൊലീസ് അധികൃതർ മുൻപാകെ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഈ മണ്ഡലകാലം മുതൽ നടപ്പാക്കുന്ന പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മെച്ചപ്പെടുത്തും.പൂർണമായും ഓട്ടമേറ്റഡ് രീതിയിലുള്ള എഐ സാങ്കേതികവിദ്യയാണു ശബരിമലയിൽ പ്രയോജനപ്പെടുത്തുകയെന്ന് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പറഞ്ഞു. ഇൻഫ്രാറെഡ് സെൻസറുകൾ, ഡ്രോൺ ക്യാമറകൾ എന്നിവയുൾപ്പെടെ പ്രയോജനപ്പെടുത്തി ശബരിമലയെ ജിപിഎസ് മാപ്പിന്റെ പരിധിയിൽ കൊണ്ടുവരും. തിരക്കു കൂടാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കാൻ എഐ സഹായത്തോടെ കഴിയും. ശബരിമലയിൽ ഡ്യൂട്ടിക്കു നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം ഇതുവഴി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Source link


