ഗണേശ് കുമാർ എൻഎസ്‌എസ് ഡയറക്‌ടർ ബോർഡിൽനിന്ന് പുറത്ത്; പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കട്ടേയെന്ന് ജനറൽ സെക്രട്ടറി

കോട്ടയം: മുൻ മന്ത്രി കെ ബി ഗണേശ് കുമാർ എൻഎസ്‌എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്തായി. ഗണേശിന്റെ അംഗത്വം പുതുക്കി നൽകിയില്ല. ഗണേഷ് ഒഴികെ മറ്റ് എട്ടുപേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം.
പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതിനാലാണ് ഗണേശിന് അംഗത്വം പുതുക്കി നൽകാത്തതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലത്ത് താലൂക്ക് യൂണിയനുമായി അദ്ദേഹത്തിന് അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
അതേസമയം, താൻ ഒരു ടേമിൽ മാത്രമേ ഉണ്ടായിരുള്ളൂവെന്നും ഇപ്രാവശ്യമില്ലെന്നും എൻഎസ്‌എസിൽ മരിക്കുന്നതുവരെ സ്ഥാനത്തിലിരിക്കുന്ന ആളല്ലെന്നും ഗണേശ് കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘മാറിയും തിരിഞ്ഞും വരും. ഞങ്ങൾ ജനങ്ങളോടൊപ്പമുണ്ട്. എൻഎസ്‌എസിനോടൊപ്പവുമുണ്ട്. അംഗത്വം പുതുക്കി നൽകാൻ ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. എനിക്ക് ഭൂരിപക്ഷമുണ്ട്. 12 പേരുടെ പിന്തുണയുണ്ട്. അതാണ് ജനാധിപത്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സ്ഥാനമാനങ്ങൾ എനിക്ക് പ്രശ്‌നമല്ല. എൻഎസ്‌എസിൽ വന്നത് അതിനുവേണ്ടിയല്ല. ജനറൽ സെക്രട്ടറിക്ക് പിന്തുണ നൽകുന്നയാളാണ്. പത്തനാപുരത്ത് നടന്നത് ശരിയായ കാര്യങ്ങളല്ല. അത് തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ട്. നിയമനടപടിക്കില്ല. എൻഎസ്‌എസിനെതിരെ കേസ് കൊടുക്കില്ല’- ഗണേശ് കുമാർ വ്യക്തമാക്കി.
ഗണേശ് കുമാറിനെ പുറത്താക്കിയതല്ലെന്ന് വിഷയത്തിൽ എൻഎസ്‌എസ് ജനറൽ സെക്രട്ടി ജി സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘ഗണേശ് കുമാറിന്റെ കാലാവധി തീർന്നു. വീണ്ടും എടുത്തില്ല. അല്ലാതെ പുറത്താക്കിയതല്ല. ജനാധിപത്യ മര്യാദയനുസരിച്ചാണ് കാര്യങ്ങൾ ചെയ്തത്. വർഷങ്ങളായി കിട്ടാതിരിക്കുന്ന മറ്റ് ആൾക്കാർക്ക് സ്ഥാനം കൊടുക്കണം. അദ്ദേഹം കേസ് കൊടുക്കട്ടെ. ഇതിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അദ്ദേഹംവ കേസുകൊടുക്കട്ടെ. ജനറൽ സെക്രട്ടറിയെ തള്ളിപ്പറയാനാകില്ല. തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല. കത്തുകൊടുത്ത 12 പേർ കമ്മിറ്റിയിലെ അംഗങ്ങളല്ല’- എന്നാണ് ജി സുകുമാരൻ നായർ വ്യക്തമാക്കിയത്.
Source link
NEWS


