NEWS
‘സൂപ്പർ മാർക്കറ്റ് നടത്തുന്നയാൾ വഴിയോര കച്ചവടക്കാർക്കൊപ്പം കച്ചവടം നടത്തുന്നു; ഇരുനില വീടും സൗകര്യങ്ങളും ഉള്ളവരും ഇവർക്കിടയിൽ’

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര ആശുപത്രി ജംക്‌ഷൻ മുതൽ ആലുംമൂട് ജംക്‌ഷൻ വരെയുള്ള ഭാഗങ്ങളിൽ വഴിയോരക്കച്ചവടം നടത്തിയിരുന്നവരുടെ തട്ടുകൾ നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നതിനാൽ കച്ചവടക്കാരുടെ പ്രതിഷേധം വളരെ വേഗം കെട്ടിടങ്ങി. തെരുവ് കച്ചവടക്കാരെ അമരവിള പഴയപാലത്തിനു സമീപം പുനരധിവസിപ്പിക്കുമെന്ന് നഗരസഭ ചെയർപഴ്സൻ ഡബ്ല്യു.ആർ.ഹീബ പറഞ്ഞു.ഗവ. ബോയ്സ്, ഗവ. ഗേൾസ് സ്കൂളുകളും ജനറൽ ആശുപത്രി, കുടുംബ കോടതി, ബാങ്ക്, മിനി സിവിൽ സ്റ്റേഷൻ, ട്രഷറി, താലൂക്ക് ഓഫിസ് തുടങ്ങിയവയെല്ലാം ആശുപത്രി ജംക്‌ഷൻ മുതൽ ആലുംമൂട് ജംക്‌ഷൻ വരെയുള്ള ഭാഗത്താണ്. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംക്‌ഷൻ കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ പ്രദേശം. റോഡ് കയ്യേറി വഴിയോര കച്ചവടം നടത്തുന്നതിനാൽ വാഹനങ്ങൾ ഇഴഞ്ഞാണ് ഈ പ്രദേശത്തു കൂടി നീങ്ങിയിരുന്നത്.വഴിയോര കച്ചവടക്കാർ 38 പേർ എന്നു രേഖകളിൽ കൊടങ്ങാവിളയ്ക്കു സമീപം സൂപ്പർ മാർക്കറ്റ് നടത്തുന്നയാൾ വഴിയോര കച്ചവടക്കാർക്കൊപ്പം കച്ചവടം നടത്തുന്നു. ഇരുനില വീടും വലിയ സൗകര്യങ്ങളും ഉള്ളവരും ഇവർക്കിടയിൽ. ഇവിടെ കച്ചവടത്തിന്റെ മറവിൽ എത്തി, സ്ഥലം കയ്യേറി തട്ട് നിർമിച്ച ശേഷം ദിവസം 300 മുതൽ 400 രൂപ വരെ വാടകയ്ക്കു നൽകിയിട്ടുള്ള വിരുതന്മാരുമുണ്ട്. അതേസമയം വളരെ സാധാരണക്കാരും വഴിയോര കച്ചവടക്കാരായുണ്ട്. സാധാരണക്കാരെ ലക്ഷ്യമിട്ടാണ് അമരവിള കേന്ദ്രീകരിച്ചു വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നഗരസഭ സൗകര്യം ഒരുക്കുന്നത്. അമരവിളയിൽ നൈറ്റ് ഷോപ്പിങ് ഉൾപ്പെടെയുള്ള പദ്ധതികളും നഗരസഭയുടെ പരിഗണനയിലാണ്.
Source link


