NEWS
വിഴിഞ്ഞം തുറമുഖം: ദേശീയപാതയിലേക്കുള്ള ട്രയൽ റൺ വിജയം; അനുമതി ലഭിച്ചാൽ ജൂലൈയിൽ ഉദ്ഘാടനം

വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തെ ദേശീയപാത 66ൽ ബന്ധിപ്പിക്കുന്ന പാതയിലെ ട്രയൽ റൺ വിജയം. ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) അന്തിമാനുമതി ലഭിച്ചാൽ ജൂലൈയിൽ ഉദ്ഘാടനം നടക്കും. നിലവിൽ കടൽ മാർഗം മാത്രമാണ് തുറമുഖത്തേക്കു കണ്ടെയ്നറുകൾ വരുന്നതും പോകുന്നതും. പാത ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കം സജീവമാകും.ഈ പാതയിലൂടെയുള്ള കണ്ടെയ്നർ നീക്കത്തിന്റെ സുരക്ഷാ സാധ്യതകളാണ് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം പരിശോധിച്ചത്. പാത ബൈപാസുമായി ബന്ധിപ്പിക്കുന്ന മുല്ലൂർ തലയ്ക്കോട് ഭാഗത്ത് പുതുതായി സജ്ജമാക്കിയ ആദ്യ റാംപിലൂടെ 40 അടി നീളമുള്ള കണ്ടെയ്നറുമായി നീങ്ങിയ ട്രക്ക് കോവളം വെള്ളാറിലെത്തി തമിഴ്നാട് ഭാഗത്തേക്കുള്ള മറുവശത്തെ ബൈപാസിലേക്ക് പ്രവേശിച്ചു. തുടർന്ന് കാഞ്ഞിരംകുളം വരെ സഞ്ചരിച്ച്, പയറുമൂട് ഭാഗത്ത് തുറന്ന സർവീസ് റോഡിലൂടെ രണ്ടാമത്തെ റാംപിലൂടെ തുറമുഖത്തേക്കു തിരിച്ചു.ഷിപ്പിങ് ഏജൻസികൾ ഓഫിസുകൾ തുടങ്ങി കര മാർഗമുള്ള കണ്ടെയ്നർ നീക്കത്തിനു വഴി തെളിഞ്ഞതിനു പിന്നാലെ കോവളം–കാരോട് ബൈപാസിന്റെ കോവളം, വിഴിഞ്ഞം, പയറുംമൂട് ഭാഗങ്ങളിൽ ഷിപ്പിങ് ഏജൻസികൾ ഓഫിസുകൾ തുറന്നു. ഇതുവരെ അഞ്ചിലധികം ഓഫിസുകൾ പ്രവർത്തനം തുടങ്ങി. കരയിലൂടെയുള്ള ചരക്കുനീക്കത്തിനു സാധ്യത ഉറപ്പായതാണ് വിവിധ ഏജൻസികൾ മുന്നോട്ടു വരാൻ കാരണം. ഇതു സംബന്ധിച്ച പ്രാഥമിക ജോലികൾക്കും ഏജൻസികൾ തുടക്കമിട്ടു. ലോകത്തെ മുൻനിര കമ്പനികൾ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ സജ്ജമാക്കാൻ സ്ഥലം അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.
Source link


