NEWS
ഇത് ‘മെയ്ഡ് ഇൻ ഇന്ത്യ’ നേട്ടം! ഇസ്രയേൽ സേനയ്ക്ക് വേണ്ട അത്യാധുനിക റഡാറുകൾ നിർമിക്കുന്നത് തമിഴ്നാട്ടിൽ

ഇന്ത്യയുടെ പ്രതിരോധ ഉൽപാദന മേഖലയ്ക്ക് വൻ കരുത്തുപകർന്ന്, ഇസ്രയേലി പ്രതിരോധ രംഗത്തെ പ്രമുഖ കമ്പനിയായ ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ് (ഐഎഐ) തമിഴ്നാട്ടിൽ റഡാർ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ശൂലഗിരി ഇൻഡസ്ട്രിയൽ ഏരിയയിലാണ് അത്യാധുനിക റഡാറുകളുടെ നിർമാണത്തിനും പരീക്ഷണങ്ങൾക്കുമായി പുതിയ സൗകര്യം ഒരുങ്ങുന്നത്. 2027 ഓടെ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനസജ്ജമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.ഇന്ത്യൻ പ്രതിരോധ കമ്പനിയായ ഡിസിഎക്സ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്നുള്ള ‘എൽടിഎക്സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സംയുക്ത സംരംഭത്തിന്റെ കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശൂലഗിരിയിൽ നടന്ന ഭൂമിപൂജയോടെ ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായിക്കഴിഞ്ഞു.തമിഴ്നാട് സർക്കാരിന്റെ മുൻകാല കണക്കുകൾ പ്രകാരം ഏകദേശം 850 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നത്. പ്രാദേശികമായി 165 ലധികം പേർക്ക് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. ഏതുതരം റഡാറുകളാണ് ഇവിടെ നിർമിക്കുകയെന്നോ കൃത്യമായ നിക്ഷേപ വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിടാൻ ഐഎഐ തയാറായിട്ടില്ലെങ്കിലും ഇതൊരു വൻകിട പ്രതിരോധ നിർമാണ ഹബ്ബായി മാറുമെന്നതിൽ തർക്കമില്ല.
Source link


