NEWS
വിരലുകൾ മുറിച്ചുകളയുമെന്ന് ഭീഷണി, ബലാത്സംഗം ചെയ്തത് 120ൽ അധികം പേർ; അവസരമൊരുക്കിയത് ഭർത്താവ്

സ്റ്റോക്ക്‌ഹോം ∙ സ്വന്തം ഭാര്യയെ ഭീഷണിപ്പെടുത്തിയും നിരീക്ഷണത്തിലാക്കിയും 120ൽ അധികം പുരുഷന്മാർക്ക് ബലാത്സംഗം ചെയ്യാൻ അവസരമൊരുക്കിയ 61 കാരനായ സ്വീഡിഷ് പൗരന് കോടതി നാല് വർഷവും അഞ്ച് മാസവും തടവുശിക്ഷ വിധിച്ചു. സ്വീഡന്റെ കിഴക്കൻ തീരത്തുള്ള ഹെർനോസാൻഡ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ബലാത്സംഗശ്രമം, ഗുരുതരമായ പെൺവാണിഭം, മർദ്ദനം, നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ തെളിഞ്ഞു. ഇതോടൊപ്പം ഇരയെ ബലാത്സംഗം ചെയ്ത 28 പുരുഷന്മാർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. സ്വീഡനിലെ ഓംഗർമാൻലാൻഡ് സ്വദേശിയായ പ്രതി താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള കൂടിക്കാഴ്ചകൾക്ക് സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കോടതിയിൽ വാദിച്ചത്. ഇരയുടെയോ പ്രതിയുടെയോ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല. കിഴക്കൻ സ്വീഡനിലെ ക്രാംഫോർസിലുള്ള ഇവരുടെ ഒറ്റപ്പെട്ട ഫാമിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പുരുഷന്മാർ എത്തിയിരുന്നത്. 2022ൽ ആരംഭിച്ച ക്രൂരത 2025 ഒക്ടോബറിൽ സ്ത്രീ പൊലീസിൽ പരാതിപ്പെടുന്നതുവരെ തുടർന്നു. ഇരയ്ക്ക് ലഹരിമരുന്ന് നൽകിയും, വീടിന്റെ ഒറ്റപ്പെട്ട സാഹചര്യവും കുറഞ്ഞ സൗഹൃദവലയങ്ങളും മുതലെടുത്തുമാണ് പ്രതി ഇവരെ നിയന്ത്രിച്ചിരുന്നത്. വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ വഴിയും ഇയാൾ ഇവരെ നിരീക്ഷിച്ചു. കൊല്ലുമെന്നും, പെട്രോളൊഴിച്ച് കത്തിക്കുമെന്നും, വിരലുകൾ മുറിച്ചുകളയുമെന്നും ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഒടുവിൽ ക്യാമറയുടെ പരിധിയിൽ വരാത്ത ഒരു വഴിയിലൂടെ രക്ഷപ്പെട്ടാണ് സ്ത്രീ പൊലീസിനെ വിവരമറിയിച്ചത്.
Source link


