പ്രതിപക്ഷ ഉപനേതാവ്: സി.പി.ഐയിൽ ഭിന്നാഭിപ്രായം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഭിന്നാഭിപ്രായം. പാർട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്നത്തെ മുഖ്യ അജണ്ടയായി ഉയർത്തി യുദ്ധത്തിന് ഇറങ്ങരുതെന്നും വാശി പിടിക്കരുതെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. മുന്നണി തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കുകയാണ് വേണ്ടത്. അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന അഭിപ്രായം ചില നേതാക്കൾ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് എക്സിക്യൂട്ടീവിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിൽ സ്വയംവിമർശനമായി ഉൾപ്പെടുത്തി. ഭരണവിരുദ്ധ വികാരം പരാജയത്തിനിടയാക്കിയ പ്രധാന കാരണമാണ്. സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളിൽ പാളിച്ചയുണ്ടായിരുന്നു. ഇത് ജനങ്ങളിൽ സർക്കാരിനെതിരായ വികാരമുണ്ടാക്കി.
ക്ഷേമനിധി ബോർഡുകളുടെ കുടിശിക, ആശാ സമരത്തോടുള്ള സമീപനം തുടങ്ങിയവ ജനങ്ങളെ സർക്കാരിന് എതിരാക്കി മാറ്റി. എതിർവികാരങ്ങളെ വികസന ക്ഷേമ നടപടികൾ കൊണ്ട് മറികടക്കാമെന്ന ആത്മവിശ്വാസം വിനയായി. മുഖ്യമന്ത്രിയുടെ ചിത്രം വച്ചുളള ബോർഡുകളും തിരിച്ചടിച്ചു. അതേസമയം, പരാജയത്തിന് വ്യക്തികളെ മാത്രം കുറ്റക്കാരാക്കുന്നത് ശരിയല്ലെന്ന് അവലോകന റിപ്പോർട്ടിൽ പറയുന്നു.
സ്ഥാനാർത്ഥി നിർണയത്തിലും ഗുരുതരമായ പാളിച്ചയുണ്ടായി. ചടയമംഗലം, വൈക്കം മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടായി. വൈക്കത്ത് സി.കെ.ആശയ്ക്ക് സാദ്ധ്യതയുണ്ടായിരുന്നു. നാദാപുരത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ എൽ.ഡി.എഫിന് എതിരായി. ചാത്തന്നൂർ മണ്ഡലത്തിലെ തോൽവി അപ്രതീക്ഷിതമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചു വിടണമെന്ന പരസ്യ പ്രസ്താവനയുടെ പേരിൽ മുതിർന്ന നേതാവ് കെ.ആർ.ചന്ദ്രമോഹനനെ താക്കീത് ചെയ്യാൻ എക്സിക്യൂട്ടീവ് യോഗം അനുമതി നൽകി. എന്നാൽ സി.എൻ.ചന്ദ്രൻ, വി.എസ്.സുനിൽകുമാർ തുടങ്ങിയ നേതാക്കൾ ഇതിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തി.
Source link
NEWS


