NEWS
എൽഡിഎഫ് ഒരു കാത്തിരിപ്പിനുമില്ല, ‘മധുവിധു കാലം’ നൽകാതെ കടന്നാക്രമണം; നോട്ടം ആ രണ്ട് വകുപ്പുകളിൽ

തിരുവനന്തപുരം ∙ പുതിയ സർക്കാരിനു ‘മധുവിധു കാലം’ നൽകാതെ കടന്നാക്രമിക്കാൻ നിശ്ചയിച്ച് സിപിഎം. കഴിഞ്ഞ സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ധവളപത്രമിറക്കിയതാണു പ്രകോപനം. തിരഞ്ഞെടുപ്പു പരാജയത്തിന്റെ വിലയിരുത്തലിനുശേഷം പാർട്ടിയിൽ പുകയുന്ന ആഭ്യന്തര പ്രശ്നങ്ങളുടെ ദിശ മാറ്റുകയെന്ന ഉദ്ദേശ്യവുമുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പ്രതിപക്ഷം സർക്കാർ പരിപാടികൾ ബഹിഷ്കരിക്കാൻ അൽപം സമയമെടുത്തെങ്കിൽ, എൽഡിഎഫ് ഒരു കാത്തിരിപ്പിനുമില്ല. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം ഇതിന്റെ സൂചനയാണ്.10 വർഷത്തിനുശേഷം യുഡിഎഫ് അധികാരത്തിലെത്തുന്നതിനാൽ തുടക്കത്തിൽ തന്നെ എതിർപ്പുമായിറങ്ങിയാൽ ജനം എന്തു കരുതുമെന്നുള്ള ആലോചന സിപിഎമ്മിലുണ്ടായിരുന്നു. സത്യപ്രതിജ്ഞാച്ചടങ്ങിൽ വന്ദേമാതരം പൂർണമായി പാടിയതിനെയും സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയതിനെയും വിമർശിച്ചതു സംയമനത്തോടെയായിരുന്നു. മന്ത്രി സണ്ണി ജോസഫിന്റെ പഴ്സനൽ സ്റ്റാഫിലെ ബന്ധുനിയമനം മാധ്യമങ്ങളിലൂടെ വിവാദമായപ്പോഴും സിപിഎം കാര്യമായി ഏറ്റുപിടിച്ചില്ല. പാർട്ടി ഭരിച്ചിരുന്ന സമയത്തും അത്തരം ചില നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്ന ചരിത്രവും കാരണമായി.
Source link


