NEWS

തുടക്കത്തിൽ പുരുഷന്മാർക്ക് എതിർപ്പുണ്ടായിരുന്നു, സൗജന്യയാത്ര ഞങ്ങൾക്ക് സ്വാതന്ത്രം നൽകി; ബെംഗളൂരുവിലെ വീട്ടമ്മ പറയുന്നു


ചിക്ജാല (ബെംഗളൂരു നോർത്ത്) ∙ ‘ഒറ്റവാക്കിൽ പറഞ്ഞാൽ സൗജന്യയാത്ര സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി’, തെല്ല് അഭിമാനത്തോടെയാണ് സുസ്മിത ഷെട്ടി അതു പറഞ്ഞത്. കർണാടകയിൽ ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര നിലവിൽ വന്നിട്ട് ഏതാനും വർഷങ്ങളായി. ഇന്നു മുതൽ കേരളത്തിലും സൗജന്യയാത്രയ്ക്ക് തുടക്കം. കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ തുറപ്പുചീട്ടുകളിലൊന്നായിരുന്നു സൗജന്യയാത്ര. എങ്ങനെയാണ് സൗജന്യയാത്ര കന്നഡയിൽ വനിതകളുടെ മനംകവർന്നത്. യാത്രാക്കൂലിയിലെ ഇളവുകൾ കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ വരാം. സുസ്മിതയുടെ ജീവിതത്തിൽ അടുത്ത കാലത്ത് വന്ന മാറ്റത്തിൽ അതുണ്ട്. ബെംഗളൂരു നോർത്തിൽ സ്വകാര്യ സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റാണ് സുസ്മിത ഷെട്ടി. ഭർത്താവ് ചെറിയ ബേക്കറി നടത്തുന്നു. സുസ്മിതയ്ക്കു പുറമെ അമ്മയും ദിവസവും വസ്ത്രനിർമാണ ശാലയിൽ പോകുന്നുണ്ട്. വ്യവസായ നഗരമായ ബെംഗളൂരുവിൽ ധാരാളം വനിതകൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ യാത്ര വരുമാനത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും എത്തുകയാണ്. ആരെയും ആശ്രയിക്കാതെ ഇപ്പോൾ തനിക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ പോകാൻ കഴിയുന്നുണ്ടെന്ന് സുസ്മിത ഷെട്ടി പറയുന്നു. സുസ്മിതയ്ക്ക് ഇരുചക്ര വാഹനമുണ്ട്. പക്ഷേ ബസ് യാത്ര സൗജന്യമായതോടെ ഇരുചക്ര വാഹനം ഉപയോഗിക്കുന്നത് കുറഞ്ഞു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്ക് മാത്രം ദിവസം 50 രൂപ വേണമായിരുന്നു. അമ്മ കുറച്ചുകൂടി ദൂരെയുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ബെംഗളൂരുവിൽ മികച്ച ബസ് ശൃംഖലയുള്ളതും പദ്ധതിയുടെ വിജയത്തിനു കാരണമാണ്. തുടക്കത്തിൽ എനിക്ക് ചെറിയ മടിയുണ്ടായിരുന്നു. ഏതാനും ദിവസം യാത്ര ചെയ്തപ്പോൾ അതു മാറി. യാത്രാക്കൂലി ലാഭത്തിനു പുറമെ യാത്രകൾ വളരെ സുഗമമായെന്നു പറയാം. മിച്ചം പിടിക്കുന്ന യാത്രാക്കൂലി ഞാൻ നിക്ഷേപിക്കുന്നുണ്ട്. മിക്കവരും അങ്ങനെയാണ് ചെയ്യുന്നത്. ബസ് അധികൃതരിൽ നിന്ന് പൊതുവെ നല്ല പെരുമാറ്റമാണ് ലഭിക്കുന്നത്. എന്നാൽ ചിലപ്പോൾ സ്ത്രീകൾ ആധാർ കാർഡോ തിരിച്ചറിയിൽ രേഖകളോ കാണിക്കില്ല. അങ്ങനെ വരുമ്പോൾ ചില തർക്കങ്ങൾ ഉണ്ടാകുന്നുണ്ടെന്നു മാത്രം. തുടക്കത്തിൽ പുരുഷ യാത്രക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഇപ്പോൾ അവരും പൊരുത്തപ്പെട്ടുതുടങ്ങി. 


Source link

Back to top button