LIFESTYLE
കൂലിക്ക് വിലപേശി അതിഥിതൊഴിലാളികൾ; കേരളത്തിൽ നിർമാണമേഖല സ്തംഭനത്തിലേക്കോ? സംഭവിച്ചതെന്ത്?

കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണ് എന്നു പറയുമ്പോൾ തന്നെയാണ് ഇക്കഴിഞ്ഞ മൂന്നുമാസകാലമായി കേരളത്തിലെ ഒരുവിധപ്പെട്ട അടിസ്ഥാന തൊഴിൽ മേഖലകൾ പലതും സ്തംഭിച്ചു നിൽക്കുന്നത്. അതിൽ ഏറ്റവും നിശ്ചലമായി പോയത് കെട്ടിടനിർമാണ മേഖലയായിരുന്നു. കേരളത്തിലെ കെട്ടിട നിർമാണ മേഖലയിലെ ഏറ്റവും അധികം നിർമാണങ്ങൾ നടക്കുന്ന തിരക്കേറിയ സമയം ഏതാണ്ട് ഒക്ടോബർ മുതൽ മെയ് വരെയാണ്. ബാക്കി നാല് മാസക്കാലം തീവ്ര മൺസൂൺ കാലമായതിനാൽ വലിയ കെട്ടിടങ്ങളുടെ നിർമാണം ഒരുപക്ഷേ നടക്കാമെങ്കിലും ശതമാനകണക്കിൽ കൂടുതലുള്ള വീടുകൾ അടക്കമുള്ള ചെറിയ നിർമിതികൾ നിർമിക്കുന്നത് കുറവാണ്. കഴിഞ്ഞ കുറേക്കാലമായി കെട്ടിട നിർമാണ മേഖലയിൽ വടക്കേ ഇന്ത്യൻ തൊഴിലാളികളുടെ ആധിപത്യമാണ്. ഏതാണ്ട് 2000-2001 വർഷത്തിൽ കെട്ടിട നിർമാണ മേഖലയിലേക്ക് കോൺക്രീറ്റ് ചുമന്നു കയറ്റുന്ന തൊഴിലാളികളായി കടന്നുവന്ന വടക്കേ ഇന്ത്യൻ തൊഴിലാളികൾ പിന്നീട് നിർമാണ മേഖലയിലെ എല്ലാ രംഗവും കയ്യടക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ വന്നവർ കേരളത്തിലെ തൊഴിലിന്റെ ലഭ്യതയും ലഭിക്കാവുന്ന മികച്ച കൂലിയും സംബന്ധിച്ച് അവരുടെ നാടുകളിൽ പറയുമ്പോൾ ഓരോ തൊഴിലാളിയും നാട്ടിലേക്ക് പോയി തിരികെ വരുമ്പോൾ ഒരു നാല് പേരെങ്കിലും അവർക്കൊപ്പം കേരളത്തിലേക്ക് എത്തുന്ന സ്ഥിതി വന്നു. സ്വാഭാവികമായും വലിയതോതിൽ നിർമാണ മേഖലയിലെ തൊഴിലാളികളിൽ വടക്കേ ഇന്ത്യൻ ആധിപത്യം സംജാതമായി.കേരളത്തിലെ തൊഴിലാളികൾ രണ്ടോ മൂന്നോ ഇതര സംസ്ഥാന തൊഴിലാളികളെ പണിക്ക് നിർത്തി അവർക്ക് കിട്ടുന്ന കൂലിയിൽ നിന്നും കമ്മീഷൻ വാങ്ങി തന്റെ കൂലി ഒപ്പിക്കുന്ന രീതിയിലേക്കും മാറി. തൊഴിലുറപ്പ് പദ്ധതി പോലുള്ള വിവിധ പദ്ധതികൾ സ്ത്രീ തൊഴിലാളികളെ കെട്ടിട നിർമാണ മേഖലയിൽ നിന്നും അകറ്റുന്നതിനും കാരണമായി. അങ്ങനെ കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം കൊണ്ട് കേരളത്തിൽ നിർമാണ മേഖലയിൽ 99% ഉം ഇതര സംസ്ഥാന തൊഴിലാളികൾ എന്ന സ്ഥിതിവന്നു.പക്ഷേ അപകടം വന്നത് അവിടെയല്ല എസ്ഐആറുമായി ബന്ധപ്പെട്ടും ബംഗാൾ, ആസാം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് വരികയും ചെയ്തതോടെ വലിയതോതിൽ ഇതര സംസ്ഥാന തൊഴിലാളികൾ അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോകുന്ന സാഹചര്യം വന്നു. തെരഞ്ഞെടുപ്പും ബലിപെരുന്നാളും കഴിഞ്ഞു മാത്രമേ തിരിച്ചു വരൂ എന്ന രീതിയിൽ തൊഴിലാളികൾ തീരുമാനമെടുത്തതോടെ കഴിഞ്ഞ ജനുവരി മുതൽ തന്നെ നിർമാണ മേഖലയിൽ തൊഴിലാളി ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ ഇത് തീവ്രമായ അവസ്ഥയിലേക്ക് എത്തിയത് മാർച്ച് പകുതിയിൽ വന്ന തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ്.ഈ രണ്ടു സംസ്ഥാനങ്ങളിലെ തൊഴിലാളികളും വോട്ട് ചെയ്യുന്നതിനും പെരുന്നാൾ വീട്ടിൽ കൂടുന്നതിനുമായി നാട്ടിലേക്ക് തിരിച്ചുപോയതോടെ നിർമാണ മേഖലയിൽ വലിയ തരത്തിൽ നിശ്ചലാവസ്ഥ പ്രകടമായി, പിന്നീട് കരാർ ഏറ്റെടുത്ത ആളുകൾക്ക് സമയത്തു നിർമാണം പൂർത്തീകരിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിൽ ഏതുവിധേനയും നിർമ്മാണം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള തൊഴിലാളികൾക്ക് തന്നെ അധികം കൂലി എന്ന പ്രലോഭനം നൽകി എങ്ങനെയും ഏറ്റെടുത്ത വർക്കുകൾ പൂർത്തീകരിക്കുന്ന അവസ്ഥയിലേക്ക് എത്തി. പിന്നീട് ഒറ്റയ്ക്കും തെറ്റയ്ക്കുമായി തിരിച്ചെത്തിയ തൊഴിലാളികൾ ഇതേപോലെ കൂലി ലഭിക്കുന്നവരായി മാറുകയും ചെയ്തു എന്നാൽ പിന്നീട് നാട്ടിലേക്ക് പോയ ആളുകളെല്ലാവരും തിരികെ എത്തിയപ്പോൾ നിലവിൽ ഇവിടെ ഉണ്ടായിരുന്നവർക്കു ലഭിച്ച ഉയർന്ന കൂലി തങ്ങളുടെ അവകാശമായി കരുതി അവർ വിലപേശുന്ന അവസ്ഥയിലേക്ക് എത്തി.കഴിഞ്ഞ രണ്ടാഴ്ചക്കാലമായി കേരളത്തിൽ ഇതൊരു ക്രമസമാധാന പ്രശ്നത്തിന്റെ തലത്തിലേക്ക് വരെ എത്തിയിട്ടുണ്ട്. എന്റെ നാടിനടുത്ത് അങ്കമാലി പട്ടണത്തിൽ തൊഴിലാളികൾ കരാറുകാരുമായും തൊഴിൽ നൽകാനെത്തിയവരുമായും വിലപേശുന്നതിന്റെ വാർത്തകളും പിഡബ്ല്യുഡി കരാറുകാർ തന്നെ ഈ വിഷയത്തിൽ സംസാരിക്കുന്നതും പത്രമാധ്യമങ്ങളിൽ വാർത്തയായി വന്നു. തുടർന്ന് ചിലയിടങ്ങളിലൊക്കെ ഇവരുടെ കൂലി നിശ്ചയിച്ചുകൊണ്ട് പോസ്റ്ററുകളും നോട്ടീസുകളും ഫ്ലക്സ് ബോർഡുകളും വരെ സ്ഥാപിക്കുന്നതായി കാണുന്നുണ്ട്
Source link
CINEMA
CINEMA


