NEWS
ഇത് സ്ത്രീകളുടെ അന്തസ്സ് ഉയർത്തുന്ന പദ്ധതി; ‘പ്രിയദർശിനി’ പ്രതീക്ഷ

പ്രിയദർശിനി പദ്ധതി ഒരു സൗജന്യ യാത്രാ ആനുകൂല്യം എന്നതിനപ്പുറം സ്ത്രീകളുടെ അന്തസ്സുയർത്തുന്ന, അവരുടെ സമ്പാദ്യശീലത്തെ പരിപോഷിപ്പിക്കുന്ന നീക്കം കൂടിയാണെന്നു പറയുകയാണ് ഗതാഗത മന്ത്രി സി.പി.ജോൺ. സ്ത്രീകൾക്കു സൗജന്യയാത്രയുമായി ചരിത്രം കുറിച്ച്, ഇന്ദിരാ ഗാരന്റിയിലെ പ്രിയദർശിനി പദ്ധതിക്കു തിങ്കളാഴ്ച തുടക്കമാകുമ്പോൾ അതിനെപ്പറ്റി സംസാരിക്കുകയാണ് ഗതാഗത മന്ത്രി.∙ എം. വിൻസന്റ് എംഎൽഎ ഒരു ചടങ്ങിൽ പറഞ്ഞത്, പ്രിയദർശിനി പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ, മകളെ കെട്ടിച്ചു വിടുന്ന അച്ഛന്റെ മാനസികാവസ്ഥയിലാണ് ഇപ്പോൾ സി.പി.ജോൺ എന്നാണ്. അങ്ങനെയൊരു വേവലാതിയുണ്ടോ? ഒരു നല്ല കാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ, അതു നന്നായി നടക്കണമെന്നൊരു ചിന്ത നമുക്ക് സ്വാഭാവികമായി ഉണ്ടാകുമല്ലോ. തീർച്ചയായും എനിക്ക് അതുണ്ട്. അതേസമയം ഒരു കൺസീൽഡ് ടെൻഷൻ ഞങ്ങൾക്കെല്ലാവർക്കും ഉണ്ട്. വിൻസന്റിന്റേത് ഒരു നല്ല പ്രയോഗമായിരുന്നു. അതിനോടു ഞാൻ യോജിക്കുന്നുണ്ട്. ∙ പ്രിയദർശിനി പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോൾ പ്രതീക്ഷ എത്രത്തോളമാണ്? ആശങ്കയുണ്ടോ?വലിയ പ്രതീക്ഷയുണ്ട്. സർക്കാർ കൈവിട്ടിരുന്നെങ്കിൽ ആശങ്കയുണ്ടാകുമായിരുന്നു. ഇപ്പോൾ ഇതിനെ സർക്കാർ സ്വന്തം പരിപാടിയായി ഏറ്റെടുത്തു. മുഖ്യമന്ത്രി തന്നെ അത് ഏറ്റെടുത്തു. അദ്ദേഹം ധനകാര്യമന്ത്രി കൂടിയായതുകൊണ്ട് ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല. അതിനു കൃത്യമായ പ്ലാനുണ്ട്. ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ അതു ചർച്ച ചെയ്തിരുന്നു. അടുത്ത മന്ത്രിസഭായോഗത്തിനു മുൻപുള്ള സമയത്തുതന്നെ മുഖ്യമന്ത്രി അതിനെപ്പറ്റി സംസാരിച്ചു. അതിനു മുൻപുള്ള പ്രസന്റേഷൻ തയാറാക്കാൻ എത്രയോ മീറ്റിങ്ങുകളിൽ ഞാൻ പങ്കെടുത്തു. രണ്ടു പരിപാടികൾക്കു പോയതൊഴികെ ഞാൻ ഇതുവരെ തിരുവനന്തപുരം വിട്ടു പോയിട്ടില്ല. കെഎസ്ആർടിസി എംഡിയും മറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഞങ്ങളിപ്പോൾ ഒരു മികച്ച ടീമായി പ്രവർത്തിക്കുകയാണ്.∙ വയോധികർ, ഭിന്നശേഷിക്കാർ തുടങ്ങിയവരെയും സൗജന്യ യാത്രയ്ക്കു പരിഗണിക്കാമായിരുന്നു എന്ന അഭിപ്രായവുമുണ്ട്. നിലവിൽ ജെൻഡർ ആണ് പരിഗണിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു പരിഗണനകൾ തൽക്കാലം ഉണ്ടായിരുന്നില്ല.
Source link


