NEWS

കേസ് എടുത്തത് ഒരു കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പിൽ; വിമാനമിറങ്ങിയപ്പോൾ പിടിച്ചെടുത്തത് 1.4 കിലോ സ്വർണം!


കോഴിക്കോട് ∙ പരാതിക്കാരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും 25 ഇടപാടുകളിലായി ഒരു കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിലെ പ്രതിയെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടി. സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഓൺലൈൻ സൈബർ തട്ടിപ്പ് കേസിലാണ് നിർണായക അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനം ഇറങ്ങവേ പിടിയിലായ പ്രതിയുടെ പക്കൽ നിന്ന് 1.4 കിലോ കള്ളക്കടത്ത് സ്വർണവും പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശിയായ പരാതിക്കാരൻ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ തട്ടിപ്പിന് ഉപയോഗിച്ച വാട്സാപ് നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി രേഖകൾ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ, അക്കൗണ്ട് ഐപി ലോഗിൻ വിവരങ്ങൾ, ഡിജിറ്റൽ പണമിടപാട് രേഖകൾ തുടങ്ങിയവ വിശദമായി പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.പൊലീസിന് കൈമാറുന്നതിനു മുൻപ് കസ്റ്റംസ് അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ പ്രതിയുടെ കൈവശം ഏകദേശം 1.4 കിലോഗ്രാം കള്ളക്കടത്ത് സ്വർണം കണ്ടെത്തുകയായിരുന്നു. തുടർന്ന് കസ്റ്റംസ് വകുപ്പ് ബന്ധപ്പെട്ട നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്ന സംഘടിത സൈബർ സാമ്പത്തിക തട്ടിപ്പ് ശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് റംഷീദ് എന്നതും കണ്ടെത്തി.


Source link

Back to top button