NEWS

ശബരിമല സ്വർണപ്പാളി കൈമാറ്റം; പി എസ് പ്രശാന്തിന് നോട്ടീസയച്ച് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ് നൽകി എസ്‌ഐടി. ദേവസ്വം ബോർഡംഗവും സിപിഎം നേതാവുമായ അജികുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്തയാഴ്‌ച എസ്‌ഐടിക്കുമുന്നിൽ ഹാജരാകാനാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. എസ്‌ഐടി നാളെ ശബരിമല സന്നിധാനത്ത് പരിശോധന നടത്തുമെന്ന വിവരമുണ്ട്.

2025ൽ സ്വർണപ്പാളികൾ ശബരിമലയിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയതിലാണ് അന്വേഷണം നടക്കുന്നത്. 2019ൽ ദ്വാരപാലക പാളിയും കട്ടിളപ്പാളിയും കൊണ്ടുപോയതിന്റെ ആവർത്തനമാണ് 2025ൽ ഉണ്ടായത്. നിറം മങ്ങിയപ്പോഴാണ് 2019ൽ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കുന്നത്. അതേ രീതിയിലാണ് 2025ലും കൊണ്ടുപോയത്.

പ്രശാന്തിന്റെ കാലത്ത് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ പാളികളിൽ നിന്നും സാമ്പിളെടുത്ത് പരിശോധിച്ചാലേ ഇത് ഉറപ്പിക്കാനാകൂ. മിഥുനമാസ പൂജയ്ക്ക് നട തുറക്കമ്പോൾ സാമ്പിൾ ശേഖരിക്കും. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലാണ് ശാസ്ത്രീയ പരിശോധന നടക്കുന്നത്.

ശബരിമലയിൽ ആദ്യം പൂശിയ സ്വർണം 2019ൽ വേർതിരിച്ചെടുത്ത ശേഷം കുറഞ്ഞ അളവിൽ പൂശി നൽകിയെന്നാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്. കൂടുതൽ പരിശോധന നടത്തുന്നതിനാൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്നും വിവരമുണ്ട്. ഫെബ്രുവരിയിൽ സ്വർണ സാമ്പിളുകളിൽ അത്യാധുനിക രീതിയിലുള്ള പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് സാമ്പിൾ അയച്ചത്. കൂടുതൽ സാമ്പിൾ ശേഖരിക്കേണ്ടതുണ്ട്. ഇതിന് ഹൈക്കോടതിയുടെ അനുമതി തേടും.


Source link
NEWS

Back to top button