രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം; സമ്പർക്കപ്പട്ടികയിൽ 77 പേർ, റൂട്ടുമാപ്പ് പുറത്തുവിടും

കോഴിക്കോട്: ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര സ്വദേശിക്ക് നിപയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോസിറ്റീവാണെന്ന് ഫലം വന്നതിനുപിന്നാലെ രോഗിയുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. വീട്ടുകാരും അയൽക്കാരും ഉൾപ്പടെ 77 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
രോഗിയുടെ റൂട്ടുമാപ്പ് ഉടൻ പുറത്തുവിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അടിയന്തര നടപടികൾ സ്വീകരിക്കാൻ ഐആർടിസി സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനമായി. സംസ്ഥാനതലത്തിലുള്ള നിർദേശം വന്നുകഴിഞ്ഞാൽ സമ്പർക്കപ്പട്ടികയിലുള്ളവർ ഉൾപ്പെടുന്ന ഭാഗം കണ്ടെയ്മെന്റ് സോണാക്കിയേക്കും.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. പിന്നീട് ഡിസ്ചാർജായി. ഇതിനുശേഷം ബോധക്ഷയമുണ്ടായി. മദ്യപാന സ്വഭാവമുള്ളതിനാൽ വിഡ്രോവൽ സിംപ്റ്റമെന്ന് കരുതി ഡിഅഡിക്ഷൻ സെന്ററിലും എത്തിച്ചു. പിന്നീടാണ് കടുത്ത പനിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇത്തരത്തിൽ വിപുലമായ സമ്പർക്കം ഇയാളിൽ നിന്നും ഉണ്ടായിട്ടുള്ളതായാണ് വിവരം. നിലവിൽ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആശുപത്രിയിലെ വാർഡ് മേഖലയിലും പരിസരപ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Source link
NEWS


