NEWS
ഗോശാലകളുടെ ‘പടി’ കടക്കണം; ഉരു ഒന്നിന് ദിവസം 250 രൂപ: ഒരു ലോറി തിരികെ കിട്ടാൻ 3 ലക്ഷം മുടക്കണം

തൊടുപുഴ ∙ കന്നുകാലികളുടെ ലഭ്യതക്കുറവു കാരണം ഇടുക്കി ജില്ലയിൽ ബീഫ് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മാംസവിൽപന ശാലകൾ അടച്ചിടേണ്ടി വരുമെന്ന് വ്യാപാരികൾ. വെള്ളിയാഴ്ച മുതൽ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടക്കുമെന്നാണ് ഇറച്ചി വ്യാപാരികൾ ഉൾപ്പെടുന്ന വിവിധ സംഘടനകൾ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ വ്യാപാരം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. കേരളത്തിൽ വെട്ടിവിൽക്കുന്ന കന്നുകാലികളിൽ വലിയൊരു ഭാഗവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. വിവിധയിടങ്ങളിലായി ലക്ഷങ്ങളാണ് ഒരു ലോഡിന് നൽകേണ്ടി വരുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഗോശാല, അതിർത്തികളിൽ നൽകേണ്ട തുക, കന്നുകാലികളുടെ തീറ്റച്ചെലവ് എല്ലാം കഴിഞ്ഞ് കാലി കയ്യിലെത്തുമ്പോൾ കിലോഗ്രാമിന് 450നു മുകളിൽ വിലയാകും.500 രൂപയ്ക്ക് മുകളിൽ വിൽക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് വ്യാപാരികളും സമ്മതിക്കുന്നു. ജനങ്ങൾക്ക് വാങ്ങാനാകില്ല. മുൻപ് 4 – 5 കന്നുകാലികളെ വെട്ടി ഇറച്ചി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരെണ്ണം പോലും ചെലവാകുന്നില്ല. വില കുറച്ചാൽ മുതലാകുകയുമില്ല. വ്യാപാരികൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ടു വരാത്ത വിധത്തിലുള്ള പ്രശ്ന പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയാണ് വേണ്ടതെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.
Source link


