NEWS
ഡിവൈഎഫ്ഐയുടെ ലോകകപ്പ് വിളംബരജാഥ പൊലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞു; പിന്നാലെ എസ്ഐക്ക് സ്ഥലംമാറ്റം

ഹരിപ്പാട് ∙ ലോകകപ്പ് ഫുട്ബോൾ മത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വിളംബരജാഥയ്ക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞതിനെച്ചൊല്ലി സംഘർഷം. ഹരിപ്പാട് എസ്ഐ പൊലീസ് ജീപ്പ് റോഡിൽ കുറുകെയിട്ട് ജാഥ തടഞ്ഞതാണു പ്രകോപനത്തിലേക്കു നയിച്ചതെന്നാണു പ്രവർത്തകരുടെ ആരോപണം. വാക്കുതർക്കം നിയന്ത്രണം വിടുമെന്ന ഘട്ടമായപ്പോൾ പൊലീസ് പിന്മാറി. 25 പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇതിനു പിന്നാലെ എസ്ഐയെ സ്ഥലംമാറ്റി. എന്നാൽ സ്ഥലംമാറ്റം മുൻ തീരുമാനപ്രകാരമാണെന്നാണ് ഔദ്യോഗിക വിശദീകരണം.ലോകകപ്പിൽ പങ്കെടുക്കുന്ന പ്രമുഖ ടീമുകളുടെ ജഴ്സി ധരിച്ച പ്രവർത്തകരെ അണിനിരത്തിയായിരുന്നു വിളംബര ജാഥ. വിവിധ രാജ്യങ്ങളിലെ പതാകകളും ഫുട്ബോൾ ഇതിഹാസങ്ങളുടെ ചിത്രങ്ങളും വഹിച്ച ജാഥ ഹരിപ്പാട് കെഎസ്ആർടിസി ജംക്ഷനിൽ എത്തിയപ്പോഴാണു സംഭവങ്ങളുടെ തുടക്കം. ജാഥയ്ക്കു മുൻകൂർ അനുമതി വാങ്ങിയില്ലെന്നു ചൂണ്ടിക്കാട്ടി എസ്ഐ ബാബുജി പൊലീസ് ജീപ്പ് റോഡിൽ കുറുകെയിട്ടു ജാഥ തടയുകയും ഉച്ചഭാഷിണിയും വാഹനവും പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണു പ്രവർത്തകരുടെ പരാതി.
Source link


