NEWS
‘അത് ഹിന്ദു ഗ്രോത്ത് റേറ്റല്ല, കോൺഗ്രസ് ഗ്രോത്ത് റേറ്റ്’: വിമർശിച്ചു മോദി; എന്താണ് ആ വളർച്ചാ നിരക്ക്?

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ നേരിട്ട സാമ്പത്തിക വളർച്ചാ മുരടിപ്പിനെ വിളിക്കേണ്ടത് ‘ഹിന്ദു ഗ്രോത്ത് റേറ്റ്’ എന്നല്ലെന്നും ‘കോൺഗ്രസ് ഗ്രോത്ത് റേറ്റ്’ എന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി ഏറ്റവുമധികം കാലം പ്രധാനമന്ത്രി എന്ന റെക്കോർഡ് കഴിഞ്ഞ ദിവസം മോദി സ്വന്തം പേരിലാക്കിയിരുന്നു. ഇതോടനുബന്ധിച്ച് ഇന്ത്യയുടെ സമ്പദ്മേഖലയെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ കോൺഗ്രസ് വിമർശനം. പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ഭരണം മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്നു രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘ഇന്ത്യയെ കോൺഗ്രസിൽനിന്നു മോചിപ്പിച്ചു. സാമ്പത്തിക വളർച്ച ഒച്ചിഴയുന്ന വേഗത്തിലായിരിക്കുമെന്ന് അവർ ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നു. അതിന് അവർ ഒരു പേരും നൽകി– ഹിന്ദു ഗ്രോത്ത് റേറ്റ്. കോൺഗ്രസിന്റെ പിഴവിനെ ഹിന്ദു സമൂഹത്തിന്റെ തെറ്റായാണ് അവർ ചിത്രീകരിച്ചത്. ശരിക്കും ഇതിനെ കോൺഗ്രസ് വളർച്ചാനിരക്ക് എന്നാണ് വിളിക്കേണ്ടത്’’ – മോദി പറഞ്ഞു. 1950 മുതൽ 1980 വരെ ശരാശരി 3.5 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച. ജനസംഖ്യ ക്രമാതീതമായി വർധിച്ചതിനാൽ ആളോഹരി വരുമാനവും കുത്തനെ ഇടിഞ്ഞു. സാമ്പത്തിക മേഖലയിലും ഇറക്കുമതിയിലും സർക്കാരിന്റെ അമിത നിയന്ത്രണവും അക്കാലത്തുണ്ടായ യുദ്ധങ്ങളും വ്യവസായിക വളർച്ചയിലും തിരിച്ചടിയായി. അതേസമയം, ഇന്ത്യക്കൊപ്പമോ സമാന കാലയളവിലോ സ്വതന്ത്രമായ മറ്റ് ഏഷ്യൻ രാജ്യങ്ങൾ സാമ്പത്തിക മേഖലയിൽ വലിയ വളർച്ച നേടിയിരുന്നു. ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യ സാമ്പത്തിക വളർച്ചയിൽ പിന്നിൽ പോയതിനെ സൂചിപ്പിക്കാനാണ് രാജ് കൃഷ്ണ ഇത്തരമൊരു പദപ്രയോഗം നടത്തിയതെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എന്നാൽ പ്രയോഗത്തിന് ഏതെങ്കിലും മതവിഭാഗവുമായി ബന്ധമില്ലെന്നു സാമ്പത്തിക വിദഗ്ധർ വിശദീകരിക്കുന്നു.
Source link


