NEWS
തിരഞ്ഞെടുപ്പ് തോൽവി: അനുഭാവികളോട് വിശദീകരിക്കാൻ സിപിഎം ‘ബ്രാഞ്ച് ജനറൽ ബോഡി’

തിരുവനന്തപുരം ∙ ബ്രാഞ്ചുകളിൽ പാർട്ടി അനുഭാവികളുടെ യോഗം വിളിച്ച് തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചു വിശദീകരിക്കാൻ സിപിഎം. ‘ബ്രാഞ്ച് ജനറൽ ബോഡി’ എന്ന പേരിലാണു യോഗം ചേരുക. സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരിൽ റിപ്പോർട്ട് ചെയ്യുന്നതാണു സിപിഎമ്മിന്റെ പതിവു രീതിയെങ്കിലും അനുഭാവികളോടും കാര്യങ്ങൾ വിശദീകരിക്കണമെന്ന സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണു ബ്രാഞ്ച് ജനറൽ ബോഡികൾ. അപൂർവമായാണ് ഇത്തരത്തിൽ അനുഭാവികളെ പങ്കെടുപ്പിച്ചുള്ള ജനറൽ ബോഡി. ജൂലൈ 1ന് ആരംഭിച്ച് 15ന് അകം പൂർത്തീകരിക്കണമെന്നാണു നിർദേശം.സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിവ്യൂ റിപ്പോർട്ട് അതേപടി ബ്രാഞ്ച് ജനറൽ ബോഡികളിൽ അവതരിപ്പിക്കില്ല. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ചുള്ള പാർട്ടിയുടെ കണ്ടെത്തലുകളുടെ സംക്ഷിപ്ത രൂപം അവതരിപ്പിക്കും. അനുഭാവികൾക്കു പറയാനുള്ളതു കേൾക്കും. ഇവരുടെ അഭിപ്രായപ്രകടനം നേരെ സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ലോക്കൽ, ഏരിയ തലത്തിലെ നേതാക്കളാകും പാർട്ടിക്കു വേണ്ടി പങ്കെടുക്കുക. അനുഭാവികളോടടക്കം തോൽവി വിശദീകരിച്ചതിനും, തിരുത്തേണ്ടതെന്ത് എന്ന നിർദേശം സ്വീകരിച്ചതിനും ശേഷമാകും ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം ചേരുക.
Source link


