രാജ താൻ, പി ഭാരതിരാജ ഇനി ദീപ്തമായ ഒാർമ

തമിഴ് ഗ്രാമീണ ഭംഗിയും മാനുഷിക വികാരങ്ങളുടെ ആഴവും പഠിപ്പിച്ച് തെന്നിന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിയ ഇതിഹാസ സംവിധായകൻ പി. ഭാരതിരാജ ഇനി ദീപ്തമായ ഒാർമ
അനുജൻ ജയരാജിലെ രാജയും സഹോദരി ഭാരതിയുടെ പേരും ചേർത്ത് ‘ഭാരതിരാജ’
തേനിയിലെ വണ്ണയാപുരം ഗ്രാമത്തിൽനിന്നാണ് വരവ്. സ്വന്തം അനുജന്റെയും അനുജത്തിയുടെയും പേര് ചേർത്ത് ചിന്നസാമി പെരിയസാമി തേവർ എന്ന ചെറുപ്പക്കാരൻ ഭാരതിരാജ ആയി. സിനിമ തലയ്ക്കു പിടിച്ച കാലം. ടി.എം. സൗന്ദർരാജന്റെയും പി. സുശീലയുടെയും ഗാനമേള കണ്ടപ്പോഴാണ് പണവും പ്രതാപവും നേടാൻ സിനിമയാണ് വഴി എന്ന് ചിന്നസാമി തിരിച്ചറിഞ്ഞത്. മകന്റെ സിനിമാഭ്രാന്ത് കണ്ട അമ്മ കടം വാങ്ങി തന്ന 400 രൂപയുമായി ഒരു ലോറിയിൽ മദിരാശിയിലേക്ക് അയച്ചു. കോടമ്പാക്കത്തെ തെരുവുകളിൽ അലയുമ്പോൾ വിശപ്പടക്കാൻ ബന്ധുവീട്ടിലെ പ്രാതൽ പലഹാരത്തിൽ നിന്ന് ഒരു അംശം ഒളിച്ചുകടത്തി പോക്കറ്റിലിട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നു.
മദിരാശിയിൽ എത്തിയശേഷം ഇളയരാജയുടെ സംഘത്തിനൊപ്പം ചേർന്നു. കന്നട സംവിധായകൻ പുട്ടണ്ണയുടെ മുന്നിൽ എത്തിയത് വഴിത്തിരിവായി.
‘ചിന്നസാമി’ എന്ന പേര് സിനിമയ്ക്ക് ചേരില്ലെന്ന് പുട്ടണ്ണ പറഞ്ഞതോടെ തന്റെ അനുജൻ ജയരാജിലെ രാജയും പ്രിയ സഹോദരി ഭാരതിയുടെ പേരും ചേർത്ത് ’ഭാരതിരാജ” എന്ന പേര് ജനിച്ചു.സിനിമ പഠിക്കാനുള്ള ആഗ്രഹത്തിൽ മലയാള സംവിധായകരായ എം. കൃഷ്ണൻ നായരുടെയും കെ.എസ്. സേതുമാധവന്റെയും ശിഷ്യനായി.
‘മയിൽ’ എന്ന തന്റെ കഥ സിനിമയാക്കാൻ ഭാരതിരാജ ആഗ്രഹിച്ചു. സംവിധായകനായി എസ്.പി. മുത്തുരാമന്റെ പേര് ഭാരതിരാജ തന്നെ നിർദ്ദേശിച്ചു. എന്നാൽ നിർമ്മാതാവ് രാജ്ക്കണ്ണ് പറഞ്ഞു ’നീ താൻ ഇന്ത പടത്തുക്ക് ഡയറക്ടർ ’, അതാണ് 1977ൽ’ 16 വയതിനിലേ” എന്ന സിനിമ. അഞ്ചുലക്ഷം രൂപയായിരുന്നു നിർമ്മാണചെലവ്.കമൽഹാസനെ നായകനായി സംവിധാനം ചെയ്ത 16 വയതിനിലേ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. രജനികാന്തായിരുന്നു പ്രതിനായകൻ. ആദ്യ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഭാരതിരാജ തന്നെ. 16 വയതിനിലേ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്തു. ഒരുവർഷത്തിലധികം ആ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. തമിഴ്നാട്ടിൽ ചരിത്രമായി.
അടുത്തവർഷം കിഴക്കേപോകും രെയിൽ സംവിധാനം ചെയ്തു. തൊട്ടടുത്ത വർഷം സിഗപ്പ് റോജാക്കൾ , പുതിയ വാർപ്പുകൾ, നിറം മാറാത്ത പൂക്കൾ, റെഡ് റോസ്, നിഴൽഗൾ, അലൈകൾ ഒയ്വത ലൈ, ടിക് ടിക് ടിക്, കാതൽ ഓവിയം, വാലിബവേ വാവ, മൺവാസനെ, പുതുറമെപെണ്ണ്, കിഴക്ക് ചീമമേയിലേ ഉൾപ്പെടെ 27 ചിത്രങ്ങൾ. ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
ആറുതവണ ദേശീയ പുരസ്കാരങ്ങളും തമിഴ്നാട് സർക്കാർ പുരസ്കാരങ്ങളും ലഭിച്ചു. 2004 ൽ പത്മശ്രീ ലഭിച്ചു. 2013 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി പ്രവർത്തിച്ചു. നടീനടന്മാരുടെ താര മൂല്യത്തിൽ മാത്രം ഒതുങ്ങിനിന്ന തമിഴ് സിനിമയെ സംവിധായകന്റെ കലയാക്കി മാറ്റി ഭാരതിരാജ എന്നത് ചരിത്രം.തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും വെന്നിക്കൊടി പാറിച്ചു.തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങൾ സംവിധാനം ചെയ്തു.
‘R”നായികമാരുടെ രാജ
ഭാരതിരാജ വെള്ളിത്തിരയിൽ പരിചയപ്പെടുത്തിയ നായികമാരുടെ ആദ്യക്ഷരം ’R” എന്ന അക്ഷരത്തിൽ ആണ് തുടങ്ങുന്നത്.
താൻ സിനിമയിലേക്ക് കൊണ്ടുവരുന്ന നായികമാർക്ക് സിനിമാറ്റിക് ഐഡന്റിറ്റി വേണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. തന്റെ ഭാഗ്യ അക്ഷരം ’R” എന്ന് ഭാരതിരാജ വിശ്വസിച്ചു. ഭാരതിരാജ കണ്ടെത്തിയ നായികമാരിൽ ഭൂരിഭാഗം പേരും പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരായി മാറുകയും ചെയ്തു. മൺവാസനൈയിലൂടെ ആശ കേളുണ്ണിയെ രേവതിയാക്കി. അലൈകൾ ഒായ്വതിലൈ എന്ന ചിത്രത്തിലൂടെ ഉദയചന്ദ്രികയെ രാധയാക്കി. മുതൽ മര്യാദൈയിലൂടെ സാഷ സെൽവരാജിനെ രഞ്ജിനിയാക്കി. കടലോര കവിതൈകൾ എന്ന ചിത്രത്തിലൂടെ ജോസഫൈനെ രേഖ ആക്കി മാറ്റി. ധരണി എന്ന നടിയെ കറുത്തമ്മ എന്നചിത്രത്തിലൂടെ രുക്മിണി ആക്കി മാറ്റി. തമിഴിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായ രാധിക ശരത് കുമാറിനെ കിഴക്കേ പോകും രെയിൽ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ കൈപിടിച്ചുയർത്തിയത്. രാധികയുടെ പേരിൽ വലിയ മാറ്റം വരുത്തിയില്ലെങ്കിലും സിനിമയിലെ വലിയ തുടക്കം ഭാരതിരാജയിലൂടെയായിരുന്നു.
കല്ലുക്കൾ ഇൗരം എന്ന ചിത്രത്തിലൂടെ വിജയ ശാന്തിയെ സിനിമയിലേക്ക് കൊണ്ടുവന്നതും ഭാരതിരാജ തന്നെ. ഭാരതിരാജ സംവിധാനം ചെയ്ത കൺകൾ കാൽ തുടൈപ്പത് എന്ന ചിത്രത്തിലൂടെയാണ് മലയാളിയായ പ്രിയമണിയുടെ തമിഴ് ചുവടുവയ്പ് . ഭാരതിരാജയുടെ ആദ്യ ചിത്രം ’16 വയതിനിലേ’ എന്ന ചിത്രത്തിൽ ’മയിൽ’ എന്ന ഇതിഹാസ കഥാപാത്രം ആണ് അന്തരിച്ച നടി ശ്രീദേവിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. അതിനുമുൻപ് ശ്രീദേവി ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായിക എന്ന നിലയിൽ ബ്രേക്ക് നൽകിയത് ഭാരതിരാജ ആയിരുന്നു.
നാടോടി തെൻട്രൽ എന്ന ചിത്രത്തിലൂടെ ശ്രീവല്ലി യെ രഞ്ജിതയാക്കി വെള്ളിത്തിരയിൽ എത്തിച്ചു. ജോണിവാക്കർ, മാഫിയ, കർമ്മ, ഒരു യാത്രാമൊഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ മലയാളത്തിൽ അഭിനയിച്ചു. പുതുനെല്ലു പുതു നാത്തു എന്ന ചിത്രത്തിലൂടെ മലയാളിയായ അശ്വനി നമ്പ്യാരെ രുദ്രയാക്കി. ഇൗ ചിത്രത്തിലൂടെ യാണ് സുകന്യയുടെ അരങ്ങേറ്റം.
‘ബെൻസി”ന്റെ മാസ്റ്ററെ എങ്ങനെ മറക്കും
മോഹൻലാലിനൊപ്പം തുടരും സിനിമയിലാണ് അവസാനം അഭിനയിച്ചത്. തമിഴ് സ്റ്റണ്ട് മാസ്റ്റർ പളനിസ്വാമി എന്ന കഥാപാത്രമായാണ് സ്ക്രീനിൽ എത്തിയത്. ഭാരതിരാജ അഭിനയിച്ച ഏത മലയാള ചിത്രം ആണ് തുടരും. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഇൗശ്വരൻ, തിരുച്ചിത്രമ്പലം, മഹാരാജ എന്നീ തമിഴ് സിനിമകളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധ നേടി.ക്യാമറയുടെ പിന്നിലും ഭാരതിരാജ പ്രതിഭയായിരുന്നു.മലയാള സിനിമയോടും ഇവിടത്തെ കലാകാരന്മാരോടും എന്നും ആത്മബന്ധം പുലർത്തിയിരുന്ന വലിയ തണൽ ആണ് ഭാരതിരാജയുടെ വിയോഗത്തിലൂടെ നഷ്ടമായത്.
മകന്റെ മരണം തളർത്തി
അകാലത്തിൽ മകൻ മനോജ് ഭാരതിരാജ മരണമടഞ്ഞത് ഭാരതിരാജയെ വൈകാരികമായി തളർത്തി. കഴിഞ്ഞവർഷം മാർച്ചിൽ ആണ് അഭിനേതാവും സംവിധായകനുമായ മനോജ് ഭാരതി രാജയുടെ മരണം. മകന്റെ മരണം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ലെന്ന് ഭാരതിരാജയുടെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. മലയാള നടി നന്ദനയുടെ ഭർതൃപിതാവ് കൂടിയാണ് ഭാരതിരാജ. മകന്റെ വിയോഗത്തിന്റെ വേദന ഉള്ളിലൊതുക്കി നന്ദനയ്ക്കും മക്കൾക്കും തണലായി നിന്നത് ഭാരതിരാജയായിരുന്നു. ഇന്നലെ ആ തണൽ ഇല്ലാതായി.
ദേശീയം 6
സീത കോക ചിലക
(1982 സവിധാനം)
മുതൽ മര്യാദ
(1986 സംവിധാനം, നിർമ്മാണം)
വേദം പുതുതു
(1988 സംവിധാനം)
കറുത്തമ്മ (1995 സംവിധാനം)
അന്തിമന്താരൈ
(1996 സംവിധാനം)
കടൽപൂക്കൾ (2001
സംവിധാനം, തിരക്കഥ)
‘
Source link


