കെ എസ് ആർ ടി സിയിലെ സൗജന്യയാത്ര വരുമാനത്തിന്റെ കടയ്ക്കൽ കത്തികയറ്റുമോ? കടുത്ത ആശങ്കയിൽ ഡ്രൈവർമാരും കണ്ടക്ടർമാരും

തിരുവനന്തപുരം: കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതി കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും നൽകുന്നത് കടുത്ത ആശങ്ക. ഡെയ്ലി ബാറ്റ സംബന്ധിച്ച് വ്യക്തയില്ലാത്തതാണ് ഇവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇപ്പോൾ മികച്ച കളക്ഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഓർഡിനറി ബസുകളിൽ പലതിലും കൂടുതലും സ്ത്രീ യാത്രക്കാരാണ്. തിങ്കളാഴ്ച മുതൽ പ്രിയദർശിനി പദ്ധതി നിലവിൽ വരുന്നതോടെ ഇവർക്ക് യാത്ര തീർത്തും സൗജന്യമാകും. ഇത് കളക്ഷനെ കാര്യമായി ബാധിക്കും. ബസിലെ ടിക്കറ്റ് വരുമാനം അനുസരിച്ചാണ് ഡ്രൈവർക്കും കണ്ടക്ടർക്കും ബാറ്റ നിശ്ചയിക്കുന്നത്. വരുമാനം കുറയുന്നതോടെ ബാറ്റയും കുറയുമോ എന്നതാണ് ഇവരുടെ പേടി.
ഓർഡിനറി, ഫാസ്റ്റ് എന്നിങ്ങനെ ബസുകളുടെ തരമനുസരിച്ചാണ് ബാറ്റ നിശ്ചയിക്കുന്നത്. ഓർഡിനറിക്കും സിറ്റി ഫാസ്റ്റിനും ഒരേ സ്ലാബിലാണ് ബാറ്റ കണക്കാക്കുന്നത്. സിംഗിൽ ഡ്യൂട്ടിയുള്ള ഒരു ഓർഡിനറി സർവീസിന് 7500 രൂപ വരെ വരുമാനം ലഭിക്കുമ്പോൾ 75രൂപ ബാറ്റ ലഭിക്കും (ഡ്രൈവർക്കും കണ്ടക്ടർക്കും മുപ്പത്തഞ്ചുരൂപയ്ക്കുമുകളിൽ ). ഒന്നര ഡ്യൂട്ടിയാണെങ്കിൽ 30 രൂപ വീതം ലഭിക്കും.
കളക്ഷൻ കൂടുന്നതിനനുസരിച്ച് ബാറ്റയും ഉയരും. മികച്ച വരുമാനമുള്ള സർവീസുകളിൽ ഡ്രൈവർക്കും കണ്ടക്ടർക്കും 150 രൂപവരെ മിക്ക ദിസവങ്ങളിലും കിട്ടും. സൗജന്യയാത്ര നടപ്പിലാകുന്നതോടെ ഇതിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് അവർ കരുതുന്നത്.
സീനിയോറിറ്റി കൂടുന്നതോടെ സർക്കാർ സർവീസിലുള്ളവർക്ക് ഡിഎയും ശമ്പള പരിഷ്കരണവുമൊക്കെ കാലാകാലങ്ങളിൽ നടപ്പാക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം കെ എസ് ആർ ടി സിക്കാർക്ക് കിട്ടാക്കനിയാണ്. സർക്കാർ സർവീസിലുള്ളവർക്ക് 37 ശതമാനം ഡിഎ ലഭിക്കുമ്പോൾ കെ എസ് ആർ ടി സിക്കാർക്ക് ലഭിക്കുന്നത് വെറും ഏഴുശതമാനമാണ്. മുപ്പതുശതമാനം കുടിശിക. കഴിഞ്ഞസർക്കാരിന്റെ കാലത്ത് ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പുതിയ സർക്കാർ ഇത് നടപ്പാക്കുമോ എന്നും അറിയില്ല.
നിത്യോപയോഗ സാധനങ്ങൾക്ക് റോക്കറ്റുപോലെ വിലകയറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ലഭിക്കുന്ന ശമ്പളംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കെഎസ്ആർടസി ജീവനക്കാർക്ക് കഴിയാറില്ല. ബാറ്റ ഇവർക്ക് നേരിയ ആശ്വാസമായിരുന്നു. പ്രത്യേകിച്ച് ബദലി (ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ) ജീവനക്കാർക്ക്. ഒരു ഡ്യൂട്ടിക്ക് വെറും 715 രൂപയാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം. ബാറ്റ ഇല്ലാതാകുന്നതോടെ ഓർഡിനറി ബസുകളിൽ ജോലിചെയ്യാൻ ജീവനക്കാർക്ക് താൽപ്പര്യക്കുറവ് കാണിക്കുമോ എന്ന ആശങ്ക ഡിപ്പോ മേലധികാരികൾക്കുമുണ്ട്. ബാറ്റയുടെ കാര്യത്തിൽ വ്യക്തവരുത്തി എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവർ ഉത്തരവിറക്കണമെന്നും കുടിശികയുള്ള ഡിഎ ഉടൻ വിതരണം ചെയ്യുകയും വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Source link
NEWS


