test del 5 copy of del 3
കാലത്തിന്റെ ഫുൾ എ പ്ലസ്! എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി

തിരുവനന്തപുരം ∙ റാങ്കുകൾക്ക് ഇടമില്ലാത്ത എസ്എസ്എൽസി പരീക്ഷയുടെ ഇത്തവണത്തെ ഫലപ്രഖ്യാപനം നടത്തിയത് 4 പതിറ്റാണ്ടു മുൻപത്തെ എസ്എസ്എൽസി റാങ്ക് ജേതാവാണ്; പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്. 1986 ലെ എസ്എസ്എൽസി പരീക്ഷയിൽ മൂന്നാം റാങ്കുകാരിയാണ് തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് സ്കൂളിലെ വിദ്യാർഥിയായിരുന്ന ഷർമിള. 600 ൽ 580 മാർക്ക്. ആ വർഷം ആദ്യ 3 റാങ്കും പെൺകുട്ടികൾക്കായിരുന്നു. പിന്നീട് എംബിബിഎസ് നേടി ഡോക്ടറായ ഷർമിള എംഡി പഠനത്തിനിടെയാണ് 1997 ൽ ഐഎഎസ് നേടുന്നത്.‘ഒരിക്കലും ഇത്തരം ഒരു അവസരം പ്രതീക്ഷിച്ചിരുന്നതല്ല. ഏറെ സന്തോഷം’– ഷർമിള പറഞ്ഞു. നന്നായി പഠിച്ചും തയാറെടുത്തുമാണ് പരീക്ഷകളെല്ലാം എഴുതിയിരുന്നതെന്നും എസ്എസ്എൽസിക്ക് റാങ്ക് പ്രതീക്ഷിച്ചിരുന്നുവെന്നും ഷർമിള പറഞ്ഞപ്പോൾ ഫല പ്രഖ്യാപനത്തിനായും അതേ മികവോടെയുള്ള തയാറെടുപ്പ് നടത്തിയിരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ 20 വർഷമായി എസ്എസ്എൽസി പരീക്ഷയിൽ റാങ്ക് സമ്പ്രദായം ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ റാങ്കിനെ പൂർണമായും തള്ളിപ്പറയാൻ പഴയ റാങ്കുകാരി തയാറായില്ല. റാങ്ക് സമ്പ്രദായം കുട്ടികളിൽ അമിത സമ്മർദം സൃഷ്ടിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അത് ഒഴിവാക്കി ഗ്രേഡ് സമ്പ്രദായം നടപ്പാക്കിയതെന്നും ഷർമിള ചൂണ്ടിക്കാട്ടി. ഷർമിള എസ്എസ്എൽസി പരീക്ഷ എഴുതിയ വർഷം 46.73% ആയിരുന്നു വിജയമെങ്കിൽ ഷർമിള ഫലം പ്രഖ്യാപിച്ച ഇത്തവണ അത് 99.07% ആണ്.
Source link


