NATIIONAL
രണ്ടാം പകുതിയിൽ പേസ് വിപ്ലവം; പിച്ചിന്റെ സ്വഭാവം മാറി, ബോളിങ്ങിലെ കരുത്തർ പട്ടികയിലും മുന്നിൽ

നിർത്താതെ പെയ്ത റൺമഴയ്ക്കായിരുന്നു ഐപിഎൽ 19–ാം സീസണിന്റെ ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ പേസ് ബോളർമാർ പൂത്തുലയുന്ന കാഴ്ചകണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ബാറ്റർമാരുടെ കരുത്തിൽ മാത്രം കുതിച്ച ടീമുകൾക്കു കാലിടറിയപ്പോൾ മികച്ച പേസ് ബോളർമാരുള്ള ടീമുകൾ പോയിന്റ് ടേബിളിന്റെ തലപ്പത്തേക്ക് എത്തി. നിലവിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള നാലു ടീമുകളിൽ മൂന്നും മികച്ച പേസ് ബോളർമാരുടെ കരുത്തിലാണ് ആ സ്ഥാനത്തെത്തിയത്.സീസണിന്റെ തുടക്കത്തിൽ 50 മത്സരം പൂർത്തിയായപ്പോൾ 41 തവണയാണ് ടീം ടോട്ടൽ 200നു മുകളിലെത്തിയത്. എന്നാൽ രണ്ടാംപകുതിയിൽ ടീമുകൾ വളരെ വിരളമായാണ് 180നു മുകളിൽ സ്കോർ ചെയ്തത്. പിച്ചുകൾക്കു സംഭവിച്ച സ്വാഭാവിക മാറ്റവും കാലാവസ്ഥയുമാണ് ഇതിനു പ്രധാന കാരണം. കറുത്ത മണ്ണിലും ചുവന്ന മണ്ണിലുമുള്ള പിച്ചുകളാണ് വിവിധ സ്റ്റേഡിയങ്ങളിൽ ഒരുക്കിയിരുന്നത്. ബാറ്റിങ്ങിന് അനുകൂലമായ ചുവന്ന മണ്ണിൽ തീർത്ത പിച്ചിലായിരുന്നു ആദ്യഘട്ട മത്സരങ്ങൾ. ഈ പിച്ചുകൾ പഴകിത്തുടങ്ങിയതോടെ, മത്സരങ്ങൾ കറുത്ത മണ്ണിൽ നിർമിച്ച പിച്ചിലേക്ക് മാറ്റി. ഈർപ്പം നിലനിൽക്കുന്ന, പേസർമാർക്ക് പിന്തുണ ലഭിക്കുന്നവയാണ് ഇത്തരം പിച്ചുകൾ. ഇതാണ് പേസർമാരുടെ ആധിപത്യത്തിനു കാരണം. കനത്ത ചൂടുമാറി, പല ഭാഗങ്ങളിലും മഴ തുടങ്ങിയതും പിച്ചിലെ ഈർപ്പത്തെ സഹായിച്ചു. ഇതും പേസർമാർക്ക് അനുഗ്രഹമായി.യുവ റൈസേഴ്സ്സീസൺ തുടക്കത്തിൽ പരുങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിനെ പിന്നീട് ഉദിച്ചുയരാൻ സഹായിച്ചത് രണ്ട് യുവ പേസർമാരുടെ വരവാണ്; പ്രഫുൽ ഹിൻഗെയും സാകിബ് ഹുസൈനും. ആദ്യ 4 മത്സരങ്ങളിൽ മൂന്നും തോറ്റ ഹൈദരാബാദ്, അഞ്ചാം മത്സരത്തിലാണ് പ്രഫുൽ– സാകിബ് സഖ്യത്തെ കളത്തിൽ ഇറക്കിയത്. പിന്നീടങ്ങോട്ട് തുടർച്ചയായ 5 ജയങ്ങളാണ് ഹൈദരാബാദ് പിടിച്ചെടുത്തത്. എല്ലാറ്റിലും ഈ പേസ് ജോടിയുടെ പ്രകടനം നിർണായകമായി. പരുക്കുമൂലം ചില മത്സരങ്ങളിൽ പ്രഫുലിന് വിട്ടുനിൽക്കേണ്ടിവന്നപ്പോൾ ക്യാപ്റ്റൻ പാറ്റ് കമിൻസാണ് സാകിബിന് കൂട്ടായി എത്തിയത്. ന്യൂബോളിൽ എക്സ്ട്രാ ബൗൺസ് കണ്ടെത്താനുള്ള കഴിവാണ് പ്രഫുലിനെ അപകടകാരിയാക്കുന്നത്. സ്ലോബോൾ യോർക്കറുകളും കട്ടർ ബോളുകളുമാണ് സാകിബിന്റെ മിടുക്ക്.
Source link


