test del 5 copy of del 3

പശ്ചിമേഷ്യൻ യുദ്ധം ചായക്കടയിൽ വരെയെത്തി; ചായയ്ക്കും പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഉൾപ്പെടെ വില വർധന


കൽപറ്റ ∙ പശ്ചിമേഷ്യൻ യുദ്ധം കാരണം പാചകവാതക വിലയിലുണ്ടായ അനിയന്ത്രിതമായ വർധനയെ തുടർന്ന് ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലവർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാവുന്നു. ചായയ്ക്കും പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഉൾപ്പെടെയാണു വില വർധിപ്പിച്ചിരിക്കുന്നത്. മിക്ക ഹോട്ടലുകളിലും ചായയ്ക്ക് 15 രൂപയാണു പുതുക്കിയ നിരക്ക്. 10–12 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് 15 രൂപയിൽ എത്തിയത്. കാപ്പിയുടെ വില 22–25 രൂപ നിരക്കിലാണ്. നേരത്തെ 20 രൂപയായിരുന്നു. ലഘുഭക്ഷണങ്ങൾ, പലഹാരങ്ങൾ എന്നിവയ്ക്കു 3 രൂപ മുതൽ 8 രൂപ വരെ വർധനയുണ്ട്.ബേക്കറികളിലും ചായയും ചെറുകടികളുമായി വൈകിട്ട് സജീവമാകുന്ന കടകളിലും വില വർധന വരുത്തിയിട്ടുണ്ട്. നേരത്തെ 5 രൂപയ്ക്കു ചെറു എണ്ണക്കടികൾ വിൽപന നടത്തിയ കടകളിൽ നിലവിലെ വില 8 രൂപയായി. ചായയുടെ വില 10 രൂപയായി വർധിച്ചു. ബേക്കറികളിൽ ചായയുടെ വില 15 രൂപയായി. ഇതോടെയാണു വിലവർധന വരുത്താതെ പിടിച്ചുനിൽക്കാനാകില്ലെന്ന സാഹചര്യമുണ്ടായതെന്നു ഹോട്ടലുടമകൾ പറയുന്നു. പാചകവാതകത്തിനു പുറമേ പാൽ, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയുടെ വില കൂടിയതും നിരക്ക് കൂട്ടാൻ കാരണമായി. ചെറുകിട ഹോട്ടലുകളെയാണ് സിലിണ്ടർ ക്ഷാമവും വിലക്കയറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നത് സ്ഥാപനങ്ങളുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ചില ഹോട്ടലുകൾ വിറകടപ്പിലേക്ക് മാറിയിരുന്നു. എന്നാൽ, സിലിണ്ടർ പ്രതിസന്ധി മറയാക്കി വിറകിനും വില വർധിപ്പിച്ചെന്നു ഹോട്ടലുടമകൾ പറയുന്നു.


Source link

Back to top button