NATIIONAL

വിക്കറ്റെടുക്കാനും അറിയാം, സിക്സറടിക്കാനും അറിയാം; ഭുവനേശ്വറിന്റെ അടിയിൽ ട്വിസ്റ്റ്, ആർസിബി നമ്പർ 1; മുംബൈ ഇന്ത്യൻസ് പുറത്ത്


റായ്പുർ∙ ഇതാണ് ത്രില്ലർ, ഇങ്ങനെയാകണം ത്രില്ലർ; ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ മുബൈ ഇന്ത്യൻസിനെ രണ്ടു വിക്കറ്റിന് തോൽപ്പിച്ച് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ആർസിബി മറികടന്നത്. അവസാന ഓവറിൽ 15 റൺസായിരുന്നു ആർസിബിക്ക് ജയത്തിലേക്ക് വേണ്ടത്. റൊമാരിയോ ഷെപ്പേർഡിന്റെ വിക്കറ്റടക്കം വീഴ്ത്തിയ രാജ് ബാവ മുംബൈയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പത്താമനായി ഇറങ്ങിയ ഭുവനേശ്വർ കുമാർ നാലാം പന്തിൽ അടിച്ച സിക്സർ കാര്യങ്ങൾ മാറ്റിമറിച്ചു. ഇതോടെ 2 പന്തിൽ 3 റൺസായി വിജയലക്ഷ്യം ചുരുങ്ങി. അഞ്ചാം പന്തിൽ ഭുവനേശ്വർ സിംഗിളെടുത്തു. ഇനി 1 പന്തിൽ 2 റൺസ്. അവസാന പന്ത് നേരിട്ട റാസിഖ് സലാം ധർ രണ്ടു റൺസ് ഓടിയെടുത്തതോടെ ബെംഗളൂരുവിന് തകർപ്പൻ ജയം.മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ സൂപ്പർ താരം വിരാട് ‘ഗോൾഡൻ ഡക്ക്’ ആയി ആർസിബിക്കു നഷ്ടമായി. ദീപക് ചാഹറിന്റെ പന്തിൽ രാജ് ബാവയുടെ തകർപ്പൻ ക്യാച്ചിലാണ് കോലി പുറത്തായത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കോലി സംപൂജ്യനായി പുറത്താകുന്നത്. പവർപ്ലേയ്ക്കുള്ളിൽ തന്നെ ദേവ്ദത്ത് പടിക്കൽ (11 പന്തിൽ 12), ക്യാപ്റ്റൻ രജത് പാട്ടീദാർ (8 പന്തിൽ 8) എന്നിവരുടെ വിക്കറ്റുകളും ബെംഗളൂരുവിന് നഷ്ടമായി. പവർപ്ലേ അവസാനിച്ചപ്പോൾ 3ന് 47 എന്ന നിലയിലായിരുന്നു ആർസിബി. നാലാം വിക്കറ്റിൽ ഒന്നിച്ച ജേക്കബ് ബെതേൽ– ക്രുണാൽ പാണ്ഡ്യ സഖ്യ ആർസിബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു.എങ്കിലും ഒരുവശത്ത് ഉറച്ചുനിന്ന് ക്രുണാലിലായിരുന്നു ആർസിബിയുടെ പ്രതീക്ഷ. ഇതിനിടെ ക്രുണാൽ അർധസെഞ്ചറി തികയ്ക്കുകയും ചെയ്തു. റൊമാരിയോ ഷെപ്പേർഡിനൊപ്പം ചേർന്ന് ക്രുണാൽ ആർസിബി ഇന്നിങ്സ് മുന്നോട്ടു നയിച്ചു. എന്നാൽ 18–ാം ഓവറിൽ എ.എം.ഗസൻഫറിന്റെ പന്തിൽ തിലക് വർമയുടെ തകർപ്പൻ ക്യാച്ചിൽ ക്രുണാൽ പുറത്തായതോടെ ആർസിബിയുടെ കാര്യം വീണ്ടും പരുങ്ങലിലായി. 46 പന്തിൽ അഞ്ച് സിക്സറുകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് ക്രുണാൽ 73 റൺസെടുത്തത്. 19–ാം ഓവറിൽ വെറും മൂന്നു റൺസ് മാത്രം വിട്ടുകൊടുത്ത് ജസ്പ്രീത് ബുമ്രയുടെ മുംബൈയുടെ പ്രതീക്ഷ വർധിപ്പിച്ചു. അവസാന ഓവറിൽ റൊമാരിയോ ഷെപ്പേർഡിന്റെ (11 പന്തിൽ 4) വിക്കറ്റടക്കം വീഴ്ത്തിയ രാജ് ബാവ നന്നായി പരിശ്രമിച്ചെങ്കിലും അവസാനം ജയം ആർസിബിക്കൊപ്പമാകുകയായിരുന്നു.


Source link

Back to top button