NATIIONAL

നേരിട്ട ആദ്യ പന്തിൽ സിക്സർ തൂക്കി, മൂന്നാം ഓവറിൽ മൂന്നു ബൗണ്ടറികൾ; ഒടുവിൽ വൈഭവിനെ കുരുക്കി സിറാജിന്റെ തന്ത്രം, വൻ ആഘോഷം– വിഡിയോ


ജയ്പുർ∙ ഇന്ത്യൻ പ്രീമീയർ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച തുടക്കം ലഭിച്ചതിനു പിന്നാലെ വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പുറത്തായി രാജസ്ഥാൻ റോയൽസ് കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തിൽ 16 പന്തുകൾ നേരിട്ട വൈഭവ് മൂന്നു വീതം സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തി 36 റണ്‍സാണ് ജയ്പുരിലെ ഹോം ഗ്രൗണ്ടിൽ അടിച്ചത്. പക്ഷേ മുഹമ്മദ് സിറാജ് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ അർഷാദ് ഖാൻ ക്യാച്ചെടുത്തു വൈഭവ് പുറത്തായി. സിറാജിന്റെ ബൗണ്‍സറിൽ പുൾ ചെയ്തു കളിക്കാൻ ശ്രമിച്ച വൈഭവിനു പിഴയ്ക്കുകയായിരുന്നു. ഉയർന്നു പൊങ്ങിയ പന്ത് അർഷദ് ഖാൻ പിടിച്ചെടുത്തു. ബാറ്റിങ്ങിനിടെ സിറാജിന്റെ മറ്റൊരു ഷോർട്ട് ബോൾ നേരിടുന്നതിനിടെ വൈഭവിനു പരുക്കേറ്റിരുന്നു.ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (44 പന്തിൽ 84) നൽകിയ തകർപ്പൻ തുടക്കം ബോളർമാർ ഏറ്റുപിടിച്ചതോടെ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് 77 റൺസിന്റെ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. ഗിൽ, സായ് സുദർശൻ (36 പന്തിൽ 55) എന്നിവരുടെ അർധ സെ‍ഞ്ചറികളാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടപ്പെട്ട രാജസ്ഥാന്റെ പോരാട്ടം 152ൽ അവസാനിച്ചു. 4 ഓവറിൽ 33 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാന്റെ സ്പെല്ലാണ് രാജസ്ഥാനെ തകർത്തത്. സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 229. രാജസ്ഥാൻ 16.3 ഓവറിൽ 152ന് ഓൾഔട്ട്. ക്യാപ്റ്റൻ റിയാൻ പരാഗിനു പകരം യശസ്വി ജയ്സ്വാളിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ ഇന്നലെ ഇറങ്ങിയത്. ജയത്തോടെ ഗുജറാത്ത് പ്ലേഓഫിന് ഒരു പടികൂടി അടുത്തു.ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് മിന്നും തുടക്കമാണ് ഗിൽ– സായ് സഖ്യം നൽകിയത്. ആദ്യം മുതൽ ആക്രമിച്ചു കളിച്ച ഇരുവരും പവർപ്ലേ അവസാനിക്കുമ്പോൾ സ്കോർ 82ൽ എത്തിച്ചു. പിന്നാലെ 65 പന്തിൽ 118 റൺസ് ചേർത്ത ഇരുവരും ഗുജറാത്തിന് ശക്തമായ അടിത്തറ ഒരുക്കി. ഐപിഎലിൽ ഗിൽ– സായ് സഖ്യം 9–ാം തവണയാണ് സെ‍ഞ്ചറിക്കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. സായിയെ വീഴ്ത്തിയ യഷ് രാജാണ് ഗുജറാത്തിന് ആദ്യ പ്രഹരം ഏൽപിച്ചത്. എന്നാൽ ഒരറ്റത്ത് തകർത്തടിച്ചു മുന്നേറിയ ഗിൽ, ടീമിന്റെ റൺനിരക്ക് കുറയാതെ നോക്കി. മൂന്നാമനായി എത്തിയ ജോസ് ബട്‌ലർ (10 പന്തിൽ 13) നന്നായിത്തുടങ്ങിയെങ്കിലും രവീന്ദ്ര ജഡേജയ്ക്കു മുന്നിൽ വീണു. ഇതോടെ ഗുജറാത്ത് പ്രതിരോധത്തിലാകുമെന്നു തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റിൽ വാഷിങ്ടൻ സുന്ദറിനെ (20 പന്തിൽ 37 നോട്ടൗട്ട്) കൂട്ടുപിടിച്ച ഗിൽ വീണ്ടും റൺനിരക്ക് ഉയർത്തി. സെഞ്ചറിയിലേക്ക് അനായാസം കുതിച്ച ഗില്ലിനെ ബ്രിജേഷ് ശർമയാണ് പുറത്താക്കിയത്. 44 പന്തിൽ 3 സിക്സും 9 ഫോറും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്സ്. പിന്നാലെ ജെയ്സൻ ഹോൾഡറും (7 പന്തിൽ 7) വീണെങ്കിലും രാഹുൽ തെവാത്തിയയ്ക്കൊപ്പം (4 പന്തിൽ 14 നോട്ടൗട്ട്) 11 പന്തിൽ 24 റൺസ് ചേർത്ത വാഷിങ്ടൻ, ടോട്ടൽ 229ൽ എത്തിച്ചു. രാജസ്ഥാനായി ബ്രിജേഷ് ശർമ 2 വിക്കറ്റ് നേടി.


Source link

Back to top button