test del 5 copy of del 3

ജയലളിതയ്ക്ക് ശേഷം മങ്ങിയ ആ കാലം വിജയ്‍യിലൂടെ; ഒറ്റയ്ക്കു വരുന്ന സിംഹം രക്ഷകനാകുമോ?


ആത്മാഭിമാനം എന്ന ആശയത്തിന്റെ തേരോടിച്ചാണു വർഷങ്ങൾക്കു മുൻപ്, ദ്രാവിഡ കഴകം നേതാവായിരുന്ന പെരിയാർ ഇ.വി.രാമസാമി തമിഴ് ജനതയുടെ മനസ്സിൽ കയറിയത്. ഇവിആറിന്റെ പിൻഗാമിയായ സി.എൻ.അണ്ണാദുരൈ 3 കൽപനകൾ നൽകിയാണ് അണികളെ ബോധവൽക്കരിച്ചത്: കടമ, ആത്മാർഥത, അച്ചടക്കം (കടമൈ, കണ്ണിയം, കട്ടുപ്പാട്). തമിഴകത്ത് ഇന്ന് ഇതൊക്കെ ദ്രവിച്ച സംസ്കാരത്തിന്റെ അവശിഷ്ടങ്ങളാണ്. ഇവിആറും അണ്ണാദുരൈയും സ്വപ്നം കണ്ട ആദർശലോകം ഇന്നു പ്രായോഗികമല്ലെന്ന് അധികാരക്കോട്ടകളിൽ കണ്ണുനട്ടിരിക്കുന്ന നേതാക്കൾക്കു നന്നായറിയാം. നടൻ വിജയ് 2 വർഷം മുൻപു രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) നേടിയ അദ്ഭുതാവഹമായ വിജയം തമിഴ്നാടിന്റെ നഷ്‌ടപ്രതാപങ്ങളെയാണ് ഓർമിപ്പിക്കുന്നത്. അർധപട്ടിണിക്കാരായ വലിയൊരു സമൂഹമാണു തമിഴകത്തു പ്രത്യാശയോടെ കാത്തുനിൽക്കുന്നത്. അവരാണ് വിജയ് എന്ന പുതിയ നേതാവിന്റെ ലക്ഷ്യം.അധികാരമാണു നിലനിൽപിന്റെ അടിസ്ഥാനമെന്നു വിശ്വസിക്കുന്ന പുതിയ ദ്രാവിഡ വിശ്വാസങ്ങൾക്കു നേരെയാണു വിജയ് ഈ തിരഞ്ഞെടുപ്പിലൂടെ വിരൽ ചൂണ്ടിയത്. എംജിആറും ഇത്തരത്തിലൊരു സാഹചര്യത്തിലൂടെയാണു ചുവടുറപ്പിച്ചത്. അധികാരത്തിന്റെ ഭീകരത തലപൊക്കിയപ്പോഴാണ് അദ്ദേഹത്തിനു കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡിഎംകെയിൽനിന്നു പുറത്തുപോകേണ്ടിവന്നത്. ധർമത്തിനൊപ്പം സഞ്ചരിച്ച അദ്ദേഹം പുതിയൊരു പാർട്ടിക്ക് ഇറങ്ങിപ്പുറപ്പെട്ടതു തന്നെ നിലവിലുള്ള വ്യവസ്ഥിതികളോടു സന്ധിചെയ്യാൻ വയ്യാതെയാണ്.വിജയിന്റെ പ്രകടനപത്രികയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണ് കൂടുതൽ ആനുകൂല്യങ്ങളും. ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ അവശത അനുഭവിക്കുന്ന വിഭാഗം സ്ത്രീകളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിദ്യാഭ്യാസത്തിന്റെ അഭാവം തമിഴ് ജനതയുടെ വഴികളിൽ കിടങ്ങുകൾ തീർക്കുന്നു. അറുപതാണ്ടുകൾ പിന്നിട്ട ദ്രാവിഡപ്പെരുമ തമിഴ്മക്കൾക്കുവേണ്ടി എന്തു ചെയ്തു എന്ന ചോദ്യവും പ്രസക്തമാണ്. വിജയ് പലതവണ ആ ചോദ്യം പലയിടങ്ങളിലും ആവർത്തിച്ചു. മദ്യവും ലഹരിമരുന്നും നിയന്ത്രിക്കണമെന്നും പ്രകടനപത്രികയിൽ പറയുന്നു. എന്തായാലും, വിജയിനു തമിഴകത്ത് കാര്യമായി എന്തുചെയ്യാൻ കഴിയുമെന്നതു വ്യക്തമല്ല. പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ ഒരു മാറ്റം ആവശ്യമാണെന്ന അദ്ദേഹത്തിന്റെ നിലപാട് തമിഴ്ജനതയുടേതുകൂടിയാണ്. പാവങ്ങളുടെ പടത്തലവനാകാൻ വിജയിനു കഴിയുമോ?


Source link

Back to top button