test del 4 copy of del 3
85327, ‘ഭൂരിപക്ഷമല’ കയറി കുഞ്ഞാലിക്കുട്ടി ; ലീഗിന്റെ വിജയത്തിനു പിന്നിൽ ഈ 3 കാര്യങ്ങൾ ; സീറ്റിൽ സിപിഎമ്മിന്റെ തൊട്ടു പിന്നിൽ

കോഴിക്കോട് ∙ പതിവിലും കരുത്തോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സാന്നിധ്യം ഉറപ്പിച്ച് മുസ്ലിം ലീഗ്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി നേടിയ ചരിത്രജയത്തിൽ നെടുംതൂണായി മാറുന്ന പ്രകടനമാണ് ലീഗ് കാഴ്ചവച്ചത്. മലബാറിലെ കോട്ടകൾ കാത്തതിനൊപ്പം പുതിയ മണ്ഡലങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനായത് ലീഗിന്റെ സംഘടനാപരമായ വിജയമായി കൂടിയാണ് വിലയിരുത്തപ്പെടുന്നത്. ലീഗിന്റെ സ്ഥാനാർഥികൾക്ക് ഒപ്പം മുന്നണിയിലെ മറ്റു സ്ഥാനാർഥികളുടെ മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും അരയും തലയും മുറുക്കിയാണ് ലീഗ് പ്രവർത്തകർ ഇത്തവണ സജീവമായത്. 27 സ്ഥാനാർഥികളാണ് ലീഗിന്റെതായി ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ 22 സീറ്റും നേടി തിളക്കമാർന്ന വിജയമാണ് ലീഗ് കൈവരിച്ചത്. തിരഞ്ഞെടുപ്പിൽ പാർട്ടികളുടെ സീറ്റു പട്ടികയിൽ 63 സീറ്റ് നേടിയ കോൺഗ്രസിനും 26 സീറ്റ് നേടിയ സിപിഎമ്മിനും പിന്നാലെ മൂന്നാം സ്ഥാനത്തും ലീഗ് എത്തി. 20 സീറ്റ് നേടി 2011 ൽ നേടിയ റെക്കോർഡാണ് ഇത്തവണ ലീഗ് തിരുത്തിയെഴുതിയത്.ലീഗിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ ബുദ്ധികേന്ദ്രമായി പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും തിളങ്ങുന്ന കാഴ്ചയായിരുന്നു ഈ തിരഞ്ഞെടുപ്പിലേത്. സ്ഥാനാർഥി നിർണയം മുതൽ മുന്നണിക്കുള്ളിലെ സീറ്റ് വിഭജന ചർച്ചകളിൽ വരെ ലീഗ് സംസ്ഥാന അധ്യക്ഷനൊപ്പം അദ്ദേഹം പുലർത്തിയ കൃത്യത വിജയത്തിൽ ഏറെ നിർണ്ണായകമായി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പു മുതൽ വീടുകളിലും മറ്റും കയറിയിറങ്ങി സജീവമായി പ്രവർത്തിച്ച കുഞ്ഞാലിക്കുട്ടി ഒപ്പമുള്ള മറ്റു ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും പ്രവർത്തനരീതിയിൽ പകർത്തേണ്ട കാലികമായ മാറ്റത്തിന് മികച്ച മാതൃക പകർന്നിരുന്നു. ഇതോടൊപ്പം സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും മന്ത്രമോതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നിലകൊണ്ടു. 2022 ൽ പാർട്ടിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം സാദിഖലി തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു ഈ തിരഞ്ഞെടുപ്പ്. വയനാട്ടിൽ ദുരിതബാധിതർക്ക് 51 വീട് ലീഗ് പൂർത്തിയാക്കി നൽകിയെങ്കിലും അതിൽ അമിതമായ അവകാശവാദങ്ങൾക്ക് മുതിരാതെ വീടു നൽകിയവരുടെ സ്വകാര്യത കൂടി മാനിക്കാനുള്ള പ്രഖ്യാപനവും ഈ പുതിയ പ്രവർത്തനരീതിയുടെ പിൻപറ്റിയുള്ളതായിരുന്നു.ലീഗിന്റെ ശക്തികേന്ദ്രങ്ങളായ മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ എതിരാളികളുടെ വെല്ലുവിളികളെ നിഷ്പ്രഭമാക്കിയാണ് പാർട്ടി മുന്നേറിയത്. മലപ്പുറം ജില്ലയിലെ ബഹുഭൂരിപക്ഷം സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ ലീഗ് സ്ഥാനാർത്ഥികൾ ജയിച്ചുകയറി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ചില സീറ്റുകൾ തിരിച്ചുപിടിക്കാനായതും പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. കോഴിക്കോട് പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനെ ആദ്യ മത്സരത്തിനിറങ്ങിയ ഫാത്തിമ തഹ്ലിയയെ കൊണ്ട് അട്ടിമറിച്ചതിലെ കരുനീക്കവും വ്യത്യസ്തമായി.
Source link


