CINEMA
ജനനായകൻ മാജിക്

വെള്ളിത്തിരയിൽ എം.ജി.ആറിന്റെയും ജയലളിതയുടെയും വഴിയേ മുഖ്യമന്ത്രി കസേരയിലേക്ക് ദളപതി വിജയ് ദളപതി വിജയ്യുടെ അവസാന ചിത്രത്തിന്റെ പേര് അന്വർത്ഥമായി. ജനനായകനായി തന്നെ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമെന്ന് ഉറപ്പാകുകയാണ് . തമിഴ് മക്കളുടെ കൺകണ്ട ദൈവമായ എം.ജി. ആറിന്റെയും ജയലളിതയുടെയും പാത പിൻതുടർന്ന് വിജയ് എത്തുന്നത്.
തമിഴ് ചലച്ചിത്ര ലോകവും ഉറ്റുനോക്കുന്നു. രണ്ടു വർഷം മുൻപാണ് വിജയ്യുടെ രാഷ്ട്രീയപാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ജനിച്ചത്. ഇതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 100 ലധികം സീറ്റുകൾ നേടി അധികാരത്തിലേക്ക്. വിജയ്യുടെ രാഷ്ട്രീയ അരങ്ങേറ്റം തമിഴകത്ത് വൻ ചലനം സൃഷ്ടിക്കുമെന്ന് മുൻപേ തന്നെ അറിയാമായിരുന്നിട്ടും ഭരണകക്ഷിയായ ഡി.എം.കെ അതിനെ വേണ്ട രീതിയിൽ ഗൗനിച്ചില്ല. രാഷ്ട്രീയ പാർട്ടി രൂപീകരിച്ച നാൾ മുതൽ വ്യക്തിജീവിതം ഉൾപ്പെടെ പല പ്രതിസന്ധികളെയും വിജയ്ക്ക് നേരിടേണ്ടിവന്നു. പ്രശസ്തയായ ഒരു നടിയുടെ പേരുമായി ബന്ധപ്പെടുത്തി കഥകൾ പ്രചരിച്ചു. അപ്പോഴും വിജയ് നിശബ്ദത പാലിച്ചു. രാഷ്ട്രീയ പ്രവേശനത്തിനുമുന്നോടിയായി തന്റെ അവസാന ചിത്രമായി വിജയ് പ്രഖ്യാപിച്ച ജനനായകന്റെ റിലീസ് തടഞ്ഞത് ഉൾപ്പെടെ നേരിട്ടതെല്ലാം കടുത്ത വെല്ലുവിളികൾ. ജനനായകന്റെ പ്രദർശനം ഇപ്പോഴും നിയമക്കുരുക്കിലാണ്.
എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം സിനിമ പൂർണമായും ഉപേക്ഷിച്ച് തമിഴ് മക്കൾക്കിടയിലേക്ക് ഇറങ്ങിവന്ന വിജയ് ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ തമിഴ്നാട് രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുമെന്ന് എതിരാളികൾ മാത്രമല്ല സിനിമാ സുഹൃത്തുക്കൾ പോലും കരുതിയില്ല എന്നതാണ് യാഥാർത്ഥ്യം.കഴിഞ്ഞ സെപ്തംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കി. എല്ലാത്തിനെയും വിജയ് നേരിട്ടു.
വിജയ്ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി തൃഷയുടേത്.ഏറെ സൈബർ ആക്രമണങ്ങൾ നേരിടുകയും ചെയ്തു. വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജിയിൽ ഒരു നടിയെക്കുറിച്ച് പരാമർശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന് പ്രചാരണവുമുണ്ടായി. വേട്ടെണ്ണൽ ദിനത്തിൽ തിരുപ്പതി ക്ഷേത്രത്തിൽ തൃഷ ദർശനം നടത്തി എന്നു മാത്രമല്ല വിജയ് യുടെ വീട്ടിലുംഎത്തി. തൃഷയുടെ 43-ാം ജന്മദിനം കൂടിയായിരുന്നു ഇന്നലെ.ക്ഷേത്ര ദർശനത്തിന് എത്തിയ തൃഷ ടിവികെയുടെ പതാകയുടെ നിറമായ മഞ്ഞയും ചുവപ്പും കലർന്ന ഷാൾ ധരിച്ചത് വിജയ് ക്ക് നൽകുന്ന പിന്തുണയായി വ്യാഖ്യാനിക്കപ്പെട്ടു. അഭിനയം പൂർണമായും അവസാനിപ്പിച്ച വിജയ്ക്ക് ഇനി പുതിയ ദൗത്യം. തമിഴ് രാഷ്ട്രീയത്തിൽ ഇനി വിജയ് കാലം
Source link


