NATIIONAL
സൂര്യകുമാറിന്റെ ക്യാപ്റ്റൻ സ്ഥാനം തുലാസിൽ; മാറ്റാൻ ആലോചന? നിർണായ നീക്കവുമായി ബിസിസിഐയെ സമീപിച്ച് ഗംഭീർ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ട്വന്റി20 ലോകകപ്പും ഏഷ്യാ കപ്പും നേടിത്തന്ന ക്യാപ്റ്റനാണ് സൂര്യകുമാർ യാദവ്. എന്നാൽ താരത്തിന്റെ ബാറ്റിങ്ങിലെ ഫോം ടീം മാനേജ്‌മെന്റിനും ബിസിസിഐയ്ക്കും ഇപ്പോഴും വലിയ ആശങ്കയാണ്. 35 വയസ്സുകാരനായ താരം ട്വന്റി20 ലോകകപ്പിൽ 242 റൺസാണ് നേടിയത്. യുഎസ്‌എയ്ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ 49 പന്തിൽ പുറത്താകാതെ നേടിയ 84 റൺസായിരുന്നു സൂര്യയുടെ മികച്ച പ്രകടനം. ഈ മത്സരത്തിന് ശേഷം, തുടർന്നുള്ള മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ സൂര്യകുമാർ ഏറെ പ്രയാസപ്പെട്ടു.ഒളിംപിക്സും ട്വന്റി20 ലോകകപ്പും ഉൾപ്പെടുന്ന അടുത്ത രണ്ട് വർഷത്തേക്ക് സൂര്യകുമാറിന് ചുമതല നൽകണോ എന്നു ഈ പര്യടനം തീരുമാനിക്കും. എങ്കിലും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ ആദ്യ പരിഗണന സൂര്യകുമാറിന് തന്നെയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 2028ൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ തന്റെ കരാർ നീട്ടിക്കിട്ടുമെന്ന് ഗംഭീറും പ്രതീക്ഷിക്കുന്നുണ്ട്. കാലാവധി നീട്ടിനൽകാൻ ബിസിസിഐയെ ഗംഭീർ സമീപിച്ചിട്ടുണ്ട്. നിലവിൽ 2027ലെ ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കാലാവധി. ‘‘തീർച്ചയായും, സൂര്യ ഇപ്പോൾ ടീമിനെ നയിക്കുന്നു. എന്നാൽ ഒരു ബാറ്റർ എന്ന നിലയിൽ തന്റെ പ്രകടനത്തിൽ സ്ഥിരത നിലനിർത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിൽ അദ്ദേഹം ടീമിനെ നയിക്കുമെന്നത് വ്യക്തമാണ്, എന്നാൽ അതിനുശേഷം 2028 വരെയുള്ള ചർച്ചകൾ പൂർണ്ണമായും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.’’– ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.∙ അഗാർക്കറിന്റെ തീരുമാനം
ഒരൊറ്റ അർധസെഞ്ചുറി പോലും നേടാനാകാതെ 2025 സൂര്യകുമാറിനെ സംബന്ധിച്ച് മോശം വർഷമായിരുന്നു. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 12ന് താഴേക്ക് പതിക്കുകയും ചെയ്തു. എന്നാൽ 2026ൽ അദ്ദേഹം തിരിച്ചുവരവ് നടത്തി, ട്വന്റി20 ലോകകപ്പ് അവസാനിക്കുന്നത് വരെ 160ലധികം സ്‌ട്രൈക്ക് റേറ്റിൽ നാല് അർധസെഞ്ചുറികൾ നേടി. ലോകകപ്പിൽ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, ന്യൂസീലൻഡ് തുടങ്ങിയ ടീമുകൾക്കെതിരെ യഥാക്രമം 18, 18, 11, 0 എന്നിങ്ങനെയായിരുന്നു സൂര്യയുടെ സ്കോറുകൾ.
Source link


