മുട്ടുവേദന ചികിത്സയ്ക്കിടെ യുവതിക്ക് കുത്തിവെപ്പ്; പിന്നാലെ സംഭവിച്ചത് അപ്രതീക്ഷിതം

ലഖ്നോ: ഉത്തർപ്രദേശിലെ ബല്ലിയയിൽ സർക്കാർ ആരോഗ്യകേന്ദ്രത്തിൽനിന്ന് ഇൻജക്ഷൻ എടുത്തതിന് പിന്നാലെ 28 വയസ്സുകാരി ദാരുണമായി മരണപ്പെട്ടു. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ ആരോഗ്യവകുപ്പ് സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച മുട്ടുവേദനയെത്തുടർന്ന് സിക്കന്ദർപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടിയെത്തിയതായിരുന്നു ഖുഷ്ബു വർമ. കുത്തിവെപ്പ് എടുത്തതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില അതിവേഗം വഷളാവുകയായിരുന്നു. ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുത്തിവെപ്പിനൊപ്പം കഴിക്കാനും പുരട്ടാനുമായി ആറ് തരം മരുന്നുകൾ ഡോക്ടർ നിർദേശിച്ചിരുന്നതായി യുവതിയുടെ ഭർത്താവ് ദീപക് വർമ ആരോപിച്ചു. ഇൻജക്ഷൻ എടുത്തതിന് തൊട്ടുപിന്നാലെ വായിൽനിന്ന് നുരയും പതയും വന്ന് നില അതീവ ഗുരുതരമാകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മരണവിവരം അറിഞ്ഞതോടെ ജില്ലാ ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധവുമായി തടിച്ചുകൂടി. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിലവിൽ അന്വേഷണം നടത്തിവരുന്നത്. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഉറപ്പുനൽകി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തത ലഭിക്കൂ.




