ഫ്ലാറ്റിൽ പൂച്ചകളെ വളർത്തിയ യുവതിക്ക് തടവ് ശിക്ഷ

സിംഗപ്പൂരിലെ ഒരു ഫ്ലാറ്റിൽ 71 പൂച്ചകളെ അനാഥമായി ഉപേക്ഷിച്ച സംഭവത്തിൽ, മുപ്പത്തിമൂന്നുകാരിയായ നൂറുൽ നദിയ നോർ മുഹമ്മദിന് കോടതി തടവുശിക്ഷ വിധിച്ചു. ഏകദേശം രണ്ട് വർഷത്തോളം തന്റെ മുൻ ഭർത്താവുമൊത്ത് താമസിച്ചിരുന്ന വൃത്തിഹീനമായ ഫ്ലാറ്റിലായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. വേണ്ടത്ര പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് ഇതിൽ ഒൻപത് പൂച്ചകൾ ദാരുണമായി ചത്തുപോയി.
ഉപേക്ഷിക്കപ്പെട്ട മറ്റ് പൂച്ചകളിൽ ഭൂരിഭാഗവും കടുത്ത പോഷകാഹാരക്കുറവും നിർജലീകരണവും കാരണം അവശനിലയിലായിരുന്നു. സംഭവത്തിൽ തനിക്കെതിരെയുള്ള 24 കുറ്റങ്ങളും കഴിഞ്ഞ നവംബർ 12-ന് കോടതിയിൽ നൂറുൽ സമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് ശിക്ഷാവിധി ഉണ്ടായത്. ഇതിനുപുറമെ, വരും വർഷം വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിൽ നിന്നും ഇവരെ കോടതി വിലക്കിയിട്ടുണ്ട്.
അയൽവാസിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഈ സംഭവം വെളിച്ചത്തുവന്നത്. 2024 ഫെബ്രുവരി 20-ന് ഫ്ലാറ്റിന്റെ എയർ കണ്ടീഷനിങ് യൂണിറ്റിന് പുറത്തുള്ള തട്ടിൽ അവശനിലയിൽ ഒരു പൂച്ചയെ കണ്ട അയൽവാസി ഉടൻതന്നെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ഫ്ലാറ്റിനുള്ളിലെ ഭയാനകമായ സാഹചര്യം പുറത്തറിയുന്നത്.




