TRAVEL

പരന്നുകിടക്കുന്ന പുൽമേട്, അരുവി, ചേർന്നൊഴുകുന്ന പെരിയാർ; വേറിട്ട കാഴ്ച്ചകളൊരുക്കി കോതമംഗലത്തെ ‘മിനി സ്വിറ്റ്സർലൻഡ്’


കുട്ടമ്പുഴയിലെ മിനി സ്വിറ്റ്സർലൻഡ്

കോതമംഗലം: പ്രകൃതി സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ‘മിനി സ്വിറ്റ്സർലൻഡിലേക്ക്’ പോന്നോളൂ. പരന്നുകിടക്കുന്ന പുൽമേട്, അതിനിടയിലൂടെ ഒഴുകുന്ന അരുവി, ചേർന്നൊഴുകുന്ന പെരിയാർ, ചുറ്റും മലനിരകൾ, വനം… പ്രകൃതിയെ ഒപ്പം നിന്നാസ്വദിക്കാൻ പറ്റിയ ഒരിടം. തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്താണ് ഈ മനോഹരതീരം. ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രശസ്തി നേടിയതാണീ പ്രദേശം. ഇവിടേക്കിപ്പോൾ ദിനംപ്രതി ആളുകളുടെ ഒഴുക്കാണ്. കൊച്ചുകുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവരും നിറഞ്ഞ മനസോടെ ഇവിടെയെത്തുന്നു. വിദേശ സഞ്ചാരികളും ധാരാളം.

സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഓഫ് സീസൺ കാലമാണ് ഇവിടത്തെ സീസണെന്ന പ്രത്യേകതയുണ്ട്. ജൂൺ മാസം മുതൽ ഡിസംബർ വരെയാണ് വേറിട്ടൊരു ലോകം ഒരുക്കി മിനി സ്വിറ്റ്സർലൻഡ് സഞ്ചാരികളെ മാടിവിളിക്കുന്നത്. പെരിയാർവാലി ജലസേചന പദ്ധതിയുടെ വൃഷ്‌ടി പ്രദേശമാണ് മിനി സ്വിറ്റ്സർലൻഡായി മാറുന്നത്. ഭൂതത്താൻകെട്ട് ഡാം തുറന്ന് റിസർവോയറിൽ ജലനിരപ്പ് താഴ്ത്തുമ്പോൾ വൃഷ്ടിപ്രദേശം താത്കാലികമായി കരഭൂമിയുടെ രൂപം പ്രാപിക്കും. ഇവിടെ പുൽനാമ്പുകൾ ഉയർത്ത് എഴുന്നേൽക്കും.ഏക്കർ കണക്കിന് പ്രദേശം പുൽമേടായിമാറും.




കുട്ടമ്പുഴയിലെ മിനി സ്വിറ്റ്സർലൻഡ്

ക്യാമറകൾക്ക് ഒരു വിസ്മയ കാഴ്ചയാണ് മിനി സ്വിറ്റ്സർലൻഡ്. യുവാക്കൾക്ക് ഹരം പകരുന്ന ദൃശ്യഭംഗി. വീഡിയോകളും ഫോട്ടോകളും റീലുകളും എടുക്കാൻ പറ്റിയൊരിടം. ടൂറിസം മാപ്പിൽ കുട്ടമ്പുഴ പഞ്ചായത്തിനെ അടയാളപ്പെടുത്തുന്ന മറ്റാരു ഇടമായി മിനി സ്വിറ്റ്സർലൻഡ് മാറുകയാണ്. ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കംഫർട്ട് സ്റ്റേഷൻ, പാർക്കിംഗ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.


Business ⏭️

Back to top button