കല്യാണരാമൻ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു

ഷാഫിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘കല്യാണരാമൻ’ പ്രേക്ഷകർക്കിടയിലേക്ക് വീണ്ടും എത്തുന്നു. മികച്ച സാങ്കേതിക നിലവാരത്തോടെ 4കെ അറ്റ്മോസ് സാങ്കേതികവിദ്യയിൽ റീ-റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. നീണ്ട ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷമാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദിലീപിന്റെ കരിയറിൽ ആദ്യമായാണ് ഒരു ചിത്രം ഇത്തരത്തിൽ റീ-റിലീസ് ചെയ്യപ്പെടുന്നത്.
എക്കാലത്തെയും മികച്ച കോമഡി എന്റർടെയ്നറുകളിൽ ഒന്നായ ഈ സിനിമ വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ, രാമൻകുട്ടി, പൊഞ്ഞിക്കര, പ്യാരി എന്നീ കഥാപാത്രങ്ങളെ അനശ്വരമാക്കിയ ദിലീപ്-ഇന്നസെന്റ്-സലിംകുമാർ താരനിരയുടെ തകർപ്പൻ കോമ്പിനേഷൻ കാണാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി, ബോബൻ സാമുവൽ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങിയ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ബേണി-ഇഗ്നേഷ്യസ് സഖ്യമാണ് ഈണം പകർന്നത്. പി. സുകുമാർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ ചിത്രസംയോജനം നിർവ്വഹിച്ചത് ഹരിഹരപുത്രനാണ്.
ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചത്. ഹൈ സ്റ്റുഡിയോസാണ് ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയിൽ ചിത്രത്തിന്റെ ശബ്ദമിശ്രണം പുനർനിർമ്മിക്കുന്നത്. വാർത്താ പ്രചരണം: പി. ശിവപ്രസാദ്.




