സബ്സ്ക്രിപ്ഷൻ വിവാദം: മുൻ ഭർത്താവിനെക്കുറിച്ചുള്ള കമന്റിന് ചുട്ട മറുപടിയുമായി റോഷ്ന

റോഷ്ന ആൻ റോയ്
തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ വന്ന മോശം പരാമർശത്തിന് കൃത്യവും സ്പഷ്ടവുമായ മറുപടി നൽകി നടി റോഷ്ന ആൻ റോയ്. താരം പങ്കുവെച്ച ഗ്ലാമർ ചിത്രങ്ങൾക്ക് താഴെ മുൻ ഭർത്താവിനെ പരാമർശിച്ചുകൊണ്ട് വന്ന പരിഹാസ കമന്റിനാണ് താരം അതേ നാണയത്തിൽ തിരിച്ചടിച്ചത്. ‘കിച്ചു രക്ഷപ്പെട്ടു’ എന്ന് കമന്റ് ചെയ്ത ആൾക്ക്, ‘അങ്ങനെയല്ല ബേബ്, യഥാർത്ഥത്തിൽ അതിജീവിച്ചത് ഞാനാണ്’ എന്ന് റോഷ്ന ചുട്ട മറുപടി നൽകി. താൻ സബ്സ്ക്രിപ്ഷൻ സേവനം ആരംഭിച്ച വിവരം അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കു താഴെയായിരുന്നു ഈ സംഭവവികാസങ്ങൾ. 390 രൂപയാണ് ഈ സബ്സ്ക്രിപ്ഷനായി നടി നിശ്ചയിച്ചിരിക്കുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലൗവ്’ എന്ന സിനിമയിലൂടെയാണ് റോഷ്ന പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാകുന്നത്. ‘പാവം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘സുല്ല്’, ‘ധമാക്ക’ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് നടൻ കിച്ചു ടെല്ലസുമായുള്ള ബന്ധം വേർപിരിഞ്ഞ വിവരം റോഷ്ന ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
2020-ൽ വിവാഹിതരായ ഇരുവരും അഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് വേർപിരിയാൻ തീരുമാനിച്ചത്. ‘അങ്കമാലി ഡയറീസ്’, ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ കിച്ചു, ടിനു പാപ്പച്ചൻ ഒരുക്കിയ ‘അജഗജാന്തരം’ എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ്.




