തമിഴ്നാട് സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ചു

ചെന്നൈ: പുരുഷ സർക്കാർ ജീവനക്കാർക്കായി തമിഴ്നാട് സർക്കാർ 15 ദിവസത്തെ പിതൃത്വ അവധി പ്രഖ്യാപിച്ചു. നവജാത ശിശുവിന്റെ പരിചരണത്തിലും ഭാര്യയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിലും പുരുഷന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടി ജനിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടാഴ്ചയോ, അല്ലെങ്കിൽ കുട്ടി ജനിച്ചുകഴിഞ്ഞ് ആറു മാസത്തിനുള്ളിലോ ഈ അവധി പ്രയോജനപ്പെടുത്താൻ അവസരമുണ്ട്. നിലവിൽ സംസ്ഥാനത്തെ വനിതാ ജീവനക്കാർക്ക് ഒരു വർഷം നീളുന്ന (365 ദിവസം) പ്രസവാവധിയാണ് സർക്കാർ അനുവദിക്കുന്നത്.
കേന്ദ്രസർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് അവരുടെ ഭാര്യയുടെ രണ്ട് പ്രസവവേളകളിൽ ശമ്പളത്തോടുകൂടിയ 15 ദിവസത്തെ പിതൃത്വ അവധി ലഭിക്കുന്നുണ്ട്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പുരുഷന്മാർക്ക് 10 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. എന്നാൽ പശ്ചിമ ബംഗാൾ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ പുരുഷ ജീവനക്കാർക്ക് 30 ദിവസത്തെ പിതൃത്വ അവധി അനുവദിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.




