കെഎസ്ആർടിസി വിനോദയാത്രയ്ക്കിടെ അപകടം: യാത്രക്കാരന് 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രതീകാത്മക ചിത്രം
കൊച്ചി: കെഎസ്ആർടിസിയുടെ ടൂറിസ്റ്റ് ബസ് യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. എറണാകുളം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന്റേതാണ് ഈ സുപ്രധാന വിധി. കെഎസ്ആർടിസി 45,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇടപ്പള്ളിയിൽ താമസിക്കുന്ന ചന്ദ്രികാ മോഹൻദാസ് സമർപ്പിച്ച പരാതി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. യാത്രയ്ക്കിടയിൽ പരിക്കേറ്റത് ഇവരുടെ ഭർത്താവിനായിരുന്നു.
2023 ഒക്ടോബർ ഏഴിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വട്ടേക്കുന്നം റെസിഡൻസ് അസോസിയേഷൻ ക്രമീകരിച്ച മലക്കപ്പാറ വിനോദയാത്രയിൽ കുടുംബത്തോടൊപ്പം കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവെയായിരുന്നു അപകടം. യാത്ര മധ്യേ, അങ്കമാലിയിൽ വെച്ച് മറ്റ് ചില യാത്രക്കാർക്കായി സീറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രികയുടെ 73 വയസ്സുള്ള ഭർത്താവിനെ ജീവനക്കാർ നിർബന്ധിക്കുകയായിരുന്നു.
സീറ്റ് മാറുന്നതിനിടെ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ വയോധികൻ നിലത്തേക്ക് വീഴുകയും അദ്ദേഹത്തിന്റെ ഇടത് കൈത്തണ്ടയിലെ എല്ലിന് ഒടിവ് സംഭവിക്കുകയും ചെയ്തു. തുടർന്ന് അടിയന്തരമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ വിധേയനാകുകയും ചെയ്തു. ചികിത്സയ്ക്കായി അൻപതിനായിരത്തിലേറെ രൂപ ചെലവായതായി പരാതിക്കാരി വ്യക്തമാക്കി. മാത്രമല്ല, അപകടം സംഭവിച്ച ഉടൻ തന്നെ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും പരാതിയിൽ പരാമർശിക്കുന്നു. ആശുപത്രി രേഖകളും തെളിവുകളും പരിശോധിച്ച ശേഷം കോടതി കെഎസ്ആർടിസിക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു.




