NEWS

ബസിൽ വിദ്യാർഥിനിക്ക് നേരെ കണ്ടക്ടറുടെ അധിക്ഷേപം: ഇറക്കിവിട്ടെന്ന് പരാതി

മൂന്നാർ ∙ കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അനുവദിച്ചിട്ടുള്ള സൗജന്യയാത്രക്കിടെ വിദ്യാർഥിനിക്ക് ദുരനുഭവം. ബസിൽ സൗജന്യമായി സഞ്ചരിക്കുന്നുവെന്ന് ആരോപിച്ച് കണ്ടക്ടർ അധിക്ഷേപിക്കുകയും, നിശ്ചയിച്ച സ്ഥലത്ത് നിർത്താതെ ഒരു കിലോമീറ്റർ അകലെ പെൺകുട്ടിയെ ഇറക്കിവിട്ടെന്നുമാണ് പരാതി. തോക്കുപാറ സ്‌കൂളിലെ ദേവികുളം സ്വദേശിയായ വിദ്യാർഥിനിയാണ് കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

മൂന്നാറിൽനിന്ന് തേനിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് പെൺകുട്ടി പതിവായി യാത്ര ചെയ്യുന്നത്. ദേവികുളം സിഎസ്ഐ പള്ളിക്ക് സമീപമാണ് കുട്ടി സ്ഥിരമായി ഇറങ്ങാറുള്ളത്. എന്നാൽ വെള്ളിയാഴ്ച ബസിലെത്തിയപ്പോൾ സൗജന്യമായി യാത്ര ചെയ്യുന്നതിനെ ചൊല്ലി കണ്ടക്ടർ മോശമായ രീതിയിൽ സംസാരിക്കുകയായിരുന്നു. തുടർന്ന് പള്ളിക്ക് സമീപം ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ ഇത് അവഗണിച്ചു. ബസ് നിർത്താൻ ഡ്രൈവറോട് അപേക്ഷിച്ചുവെങ്കിലും ഇരുവരും ചേർന്ന് കുട്ടിയെ അധിക്ഷേപിക്കുകയും ഉദ്ദേശിച്ച സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ ദൂരെ ബസ് നിർത്തി പെൺകുട്ടിയെ പുറത്താക്കുകയുമായിരുന്നു. ഏറെ വൈകിയും കുട്ടി വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടി നടന്നു വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംഭവം അറിഞ്ഞതോടെ രക്ഷിതാക്കൾ പരാതിയുമായി മുന്നോട്ട് വരികയായിരുന്നു.

Fashion ⏭️

Back to top button