NEWS

ഫെയ്‌സ് ക്രീം ഉപയോഗം: കണ്ണിനും കാലിനും നീരുമായി ഗായകൻ ആശുപത്രിയിൽ

മലപ്പുറം∙ സൗന്ദര്യവർധക ക്രീമുകൾ ഉപയോഗിച്ചതിനെത്തുടർന്ന് താൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് കൂപ്പുകുത്തിയെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ വെളിപ്പെടുത്തി. ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ശരീരമാകെ അണുബാധ പടരുകയും കാലുകളിലും കണ്ണുകളിലും നീര് വരികയും ചെയ്തു. നീണ്ട മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വന്നതോടെ സലീമിന് തന്റെ എല്ലാ കലാപരിപാടികളും റദ്ദാക്കേണ്ടി വന്നു. ശാരീരികമായ അവശതകൾക്കൊപ്പം വലിയ സാമ്പത്തിക പ്രതിസന്ധിയും മാനസികമായ തളർച്ചയും താൻ അനുഭവിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. അരീക്കോട് സ്വദേശിയായ പതിനേഴുകാരിക്ക് വിപണിയിലെ ക്രീമുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ മെർക്കുറി കാരണം ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന വൃക്കരോഗം ബാധിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈൻ വഴി വാങ്ങിയ ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് പെൺകുട്ടിക്ക് വൃക്കരോഗം ഉണ്ടായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ് കൺട്രോളർ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി എന്നിവരോട് സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ ഗൗരവം കണക്കിലെടുത്താണ് ബാലാവകാശ കമ്മിഷന്റെ ഈ ഇടപെടൽ.

Fashion ⏭️

Back to top button