NEWS

പോലീസ് മർദനവും അപമാനവും: എട്ടു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ജോർജ്കുട്ടിക്ക് നീതി

തിരുവനന്തപുരം: പൊലീസിന്റെ ക്രൂരമായ മർദനത്തിനും അപമാനത്തിനും ഇരയായ ശേഷം നീതിക്കുവേണ്ടി എട്ടു വർഷത്തോളം നീണ്ട പോരാട്ടം നയിക്കുകയായിരുന്നു പോത്തൻകോട് അയിരൂപ്പാറ പുളിയൻകോട് ജി.ജി.ഭവനിൽ താമസിക്കുന്ന എസ്. ജോർജ്കുട്ടി. പല പൊലീസ് ഓഫിസുകൾ കയറിയിറങ്ങി അക്ഷീണം നടത്തിയ നിയമയുദ്ധത്തിനൊടുവിൽ, കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവായിരിക്കുകയാണ്.

2018-ൽ പോത്തൻകോട് സ്റ്റേഷനിലെ അന്നത്തെ എസ്ഐ ആയിരുന്ന ബി.എസ്. സാജനെതിരെ ജോർജ്കുട്ടി നൽകിയ പരാതിയിൽ നടപടിയെടുക്കാൻ 2024 മാർച്ച് 26-ന് ജില്ലാ പൊലീസ് പരാതി പരിഹാര അതോറിറ്റി നിർദേശം നൽകിയിരുന്നെങ്കിലും, അധികൃതർ തുടക്കത്തിൽ നിഷ്‌ക്രിയത്വം തുടരുകയായിരുന്നു. മർദനമേറ്റതിന് കൃത്യമായ തെളിവുകളില്ലെന്ന് അതോറിറ്റി നിരീക്ഷിച്ചെങ്കിലും, ജോർജ്കുട്ടിയോടും അദ്ദേഹത്തിന്റെ ഭാര്യയോടും വളരെ മോശമായ രീതിയിൽ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു.

പ്രതിയായ തോമസ് പാലിന് അനുകൂലമായി എസ്ഐ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്നും, കേസ് അന്വേഷണത്തിൽ പാലിക്കേണ്ട അടിസ്ഥാനപരമായ മര്യാദകൾ പോലും സാജൻ ലംഘിച്ചെന്നും അതോറിറ്റിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന് ഒട്ടും ചേരാത്ത വിധത്തിലുള്ള പെരുമാറ്റമാണ് സാജനിൽ നിന്നുണ്ടായതെന്ന് വിലയിരുത്തിയ അതോറിറ്റി, അദ്ദേഹത്തിനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെടുകയായിരുന്നു.

Fashion ⏭️

Back to top button