SPORTS
കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഇന്നുമുതൽ, ഇന്നു രണ്ടു മത്സരങ്ങൾ; ക്രിസ് ഗെയിൽ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റിന്റെ ഓണം കാർണിവലായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണ് ഇന്നു കൊടിയേറ്റം. 6 ടീമുകൾ, 108 താരങ്ങൾ, 33 മത്സരങ്ങൾ…. കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇനി 17 നാൾ ട്വന്റി20 ക്രിക്കറ്റിന്റെ വെടിക്കെട്ടാഘോഷം. സെപ്റ്റംബർ അഞ്ചിനാണ് കലാശപ്പോര്.ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ആദ്യ മത്സരം. തുടർന്നു വൈകിട്ട് ആറിന് വർണാഭമായ ഉദ്ഘാടനച്ചടങ്ങ്. വിനോദ പരിപാടികളും കലാപ്രകടനങ്ങളും മൈതാനം നിറയും.ആകെ 60 ലക്ഷം രൂപയാണ് കെസിഎലിന്റെ സമ്മാനത്തുക. ചാംപ്യൻമാർക്ക് 30 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 20 ലക്ഷവും മറ്റു രണ്ടു സെമിഫൈനലിസ്റ്റുകൾക്ക് 5 ലക്ഷം രൂപ വീതവും സമ്മാനമായി ലഭിക്കും.കാണികൾക്കു പ്രവേശനം സൗജന്യം. മത്സരങ്ങളെല്ലാം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം കാണാം. രാജ്യാന്തര മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ബോൾ ട്രാക്കിങ് സംവിധാനമായ ഹോക്ക്സ്ഐ ഉൾപ്പെടെ ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ഇത്തവണ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ് അംപയർ കെ.എൻ.അനന്തപത്മനാഭൻ ഉൾപ്പെടെ 15 അംഗ പാനലാണ് മത്സരങ്ങൾ നിയന്ത്രിക്കുക. ഇതിൽ 10 പേർ ബിസിസിഐ പാനൽ അംപയർമാരാണ്.ക്രിസ് ഗെയ്ൽ വരും 29ന് കെസിഎൽ മൂന്നാം സീസണിൽ കളി കാണാൻ സാക്ഷാൽ ക്രിസ് ഗെയ്ൽ എത്തുന്നു. 29ന് ഉച്ചകഴിഞ്ഞ് കൊച്ചിയും തൃശൂരും തമ്മിലുള്ള മത്സരം കാണാനാകും വിൻഡീസ് ഇതിഹാസ താരം എത്തുക. കൊച്ചി ടീമിന്റെ സഹ ഉടമ കൂടിയാണ് ഗെയ്ൽ. ഗെയ്ലിനെതിരെ കളിച്ചിട്ടുള്ള മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് കൊല്ലം സെയ്ലേഴ്സ് ടീമിന്റെ സഹ ഉടമയാണ്.
Auto ⏭️


