NEWS
മന്ത്രി കെ. മുരളീധരൻ വാക്കുപാലിച്ചു; പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും സ്പെഷ്യൽറ്റി വിഭാഗം

പുനലൂർ ∙ സംസ്ഥാനത്തെ ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും 24 മണിക്കൂറും സ്പെഷ്യൽറ്റി വിഭാഗം ആരംഭിക്കുന്ന പദ്ധതി പരീക്ഷണാടിസ് ഥാനത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ചു. അനസ്തെറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ജനറൽ മെഡിസിൻ ഫിസിഷ്യൻ എന്നിവരും മുൻപ് ഉണ്ടായിരുന്ന ശിശുരോഗ വിദഗ്ധനും ഇന്നലെ (01) അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകാൻ ഉണ്ടായിരുന്നു. 4 ഡോക്ടർമാർകൂടി വരും ദിവസങ്ങളിൽ എത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി പൂർണതോതിലെത്തും. ഇന്നലെ വൈകിട്ട് മുതൽ രാത്രി 8 വരെ കാര്യമായ അപകടക്കേസുകൾ ആശുപത്രിയിൽ എത്തിയില്ല.കുളത്തൂപ്പുഴയിൽ ഉറിയടി മത്സരത്തിനിടെ വലതു കണ്ണിനു താഴെ മുറിവേറ്റ് എത്തിയ വിദ്യാർഥിക്ക് രാത്രി 8 മണിയോടെ അത്യാഹിത വിഭാഗത്തിൽ വിദഗ്ധ ചികിത്സ നൽകി. മുൻപ് ചെറിയ മുറിവുപറ്റി വരുന്നവരെപ്പോലും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണെന്ന് മന്ത്രി കെ.മുരളീധരൻ ആശുപത്രി സന്ദർശിച്ചപ്പോൾ ജനപ്രതിനിധികളും രോഗികളും പരാതിപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ രാവിലെ 8 മുതൽ രാത്രി 8 വരെ സ്പെഷ്യൽറ്റി വിഭാഗത്തിലെ എല്ലാ ഡോക്ടർമാരും ഉണ്ടാകും. രാത്രി 8നും രാവിലെ 8നും മധ്യേ വരുന്ന കേസുകളിൽ ഫോൺ വഴി ബന്ധപ്പെട്ട് ചികിത്സ നിർദേശിക്കും. രാവിലെ 8മുതൽ രാത്രി 8 വരെ എത്തുന്ന ഏത് അത്യാഹിത വിഭാഗ കേസുകളും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാതെ ഇവിടെ തന്നെ ശസ്ത്രക്രിയ അടക്കം ചെയ്യുന്നതിനാണ് തീരുമാനം. സി. അജയപ്രസാദ് എംഎൽഎ രാവിലെ ആശുപത്രി സന്ദർശിച്ച് പുതുതായി ചുമതലയേറ്റ ഡോക്ടർമാരുമായി ആശയ വിനിമയം നടത്തി.
Fashion ⏭️


