NEWS
പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതന്; വൈകിട്ട് 5.30 വരെ കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം∙ കാപ്പ കേസ് പ്രതിയും കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറുമായ ആര്.സുഗതനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെടുമങ്ങാട് മജിസ്ട്രേട്ട് കോടതിയാണ് ഇന്നു വൈകിട്ട് 5.30 വരെ സുഗതനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വെള്ളയില്‍കടവില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സുഗതന് 2 പേരെ ആക്രമിച്ചെന്ന കേസില്‍ ആയുധങ്ങള്‍ കണ്ടെത്താനുണ്ടെന്നും രണ്ടു ദിവസം കസ്റ്റഡിയില്‍ വേണമെന്നുമാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. അതേസമയം, തിരുവനന്തപുരത്ത് എത്തിച്ച ശേഷം മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ വാഹനത്തില്‍ വച്ച് പൊലീസ് മോശമായി പെരുമാറിയെന്ന് സുഗതന് കോടതിയില്‍ പറഞ്ഞിരുന്നു. പരിശോധനയ്ക്കു കൊണ്ടുപോയപ്പോള്‍ വട്ടിയൂര്‍കാവില്‍നിന്നുള്ള പൊലീസ് സംഘം സുഗതനൊപ്പം പോയത് കോടതി ചോദ്യം ചെയ്തു. കസ്റ്റഡിയില്‍ വിടുന്നതിനു മുന്‍പ് വട്ടിയൂര്‍കാവ് പൊലീസ് എന്തിനാണ് സുഗതനൊപ്പം പോയതെന്നു കോടതി ചോദിച്ചു. ഈ സാഹചര്യത്തിലാണ് നാലു മണിക്കൂര്‍ സമയത്തേക്കു മാത്രം സുഗതനെ കസ്റ്റഡിയില്‍ നല്‍കിയത്. ക്ഷേത്രപരിസരത്ത് ഉള്‍പ്പെടെ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനു ശേഷം വൈകിട്ട് സുഗതനെ കോടതിയില്‍ ഹാജരാക്കണം.
Source link


