NEWS

എസ്‌സിഒ സമ്മേളനം: 2023-ന് ശേഷം പാക് മന്ത്രി ഇന്ത്യയിൽ എത്തുന്നു

ഇസ്‍ലാമാബാദ്: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഭാഗമായുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനായി പാക്കിസ്ഥാൻ മന്ത്രി ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നു. പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിഖ് മാലിക് ഇന്ത്യ സന്ദർശിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറെ കാലമായി നിലനിൽക്കുന്ന നയതന്ത്ര മരവിപ്പിന് ശേഷം ഒരു പാക്കിസ്ഥാനി മന്ത്രി ഇന്ത്യയിലെത്തുന്നത് ഏറെ ശ്രദ്ധേയമാണ്. നവംബർ 20 മുതൽ 22 വരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന എസ്‌സിഒ ‘സിവിലൈസേഷനൽ ഡയലോഗ്’ പരിപാടിയിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് മുസാദിഖ് മാലിക് പങ്കെടുക്കും. 2023 മെയ് മാസത്തിൽ ഗോവയിൽ വെച്ച് നടന്ന എസ്‌സിഒ യോഗത്തിൽ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് ശേഷം, ഒരു പാക്ക് മന്ത്രിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.

ഈ സമ്മേളനത്തിൽ പാക്കിസ്ഥാന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വെള്ളിയാഴ്ച സൂചിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സമ്മേളനത്തിലേക്കുള്ള ഔദ്യോഗികമായ സ്ഥിരീകരണം ഇസ്ലാമാബാദിൽ നിന്നും ഉണ്ടായത്.

Fashion ⏭️

Back to top button