ബിലോങ്ങിങ്ങ് പ്രതിഷേധം: ശിവസേനാ നേതാവ് ബാൽ താക്കറെയുടെ ചിത്രം കീറി

മുംബൈ: സോണിയാ ഗാന്ധിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് അബദ്ധത്തിൽ ബാൽ താക്കറെയുടെ ചിത്രം കീറിയത് വലിയ വിവാദത്തിന് തിരികൊളുത്തി. സോണിയാ ഗാന്ധിയുടെ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിലാണ് പാർട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ ചിത്രം ഷൈന എൻസി അറിയാതെ കീറിക്കളഞ്ഞത്. ഈ സംഭവത്തിന് പിന്നാലെ, ബാൽ താക്കറെയെ അപമാനിച്ചെന്നാരോപിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും (യുബിടി) കോൺഗ്രസും ഷൈനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നു.
ചരിത്രത്തെ വളച്ചൊടിക്കാനും വിനായക് ദാമോദർ സവർക്കറെ അവഹേളിക്കാനും പുസ്തകം ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബുധനാഴ്ച ഷിൻഡെ വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചത്. ഷൈന എൻസി, സഞ്ജയ് നിരുപം, ആനന്ദ് ദുബെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ പുസ്തകത്തിലെ 201, 443 എന്നീ പേജുകളിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രസാധകരായ ഹാർപ്പർ കോളിൻസിന് കത്തയക്കുകയും പ്രതീകാത്മകമായി പുസ്തകത്തിലെ പേജുകൾ കീറിക്കളയുകയും ചെയ്തു. ഈ പ്രതിഷേധത്തിനിടെ അബദ്ധവശാൽ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ കോലത്തിൽ ബാൽ താക്കറെ ചെരുപ്പുകൊണ്ട് അടിക്കുന്ന ചിത്രം ഷൈന കീറിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.




